ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ ‘കുട്ടികളോടൊപ്പം മാരിയില്ല മഴക്കാലം’ എന്ന പേരില്‍ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് വേണ്ടി 2023 ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തിയ ഡ്രൈ ഡേ ആചരണ മത്സരത്തിന്റെ വിജയികളെ അനുമോദിച്ചു. കുട്ടികളില്‍ കൊതുക് നശീകരണത്തിന്റെയും കൊതുകുജന്യ രോഗങ്ങളുടെയും ബോധവത്ക്കരണവും ശീലവത്കരണവും ഉണ്ടാക്കിയെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും മത്സരങ്ങളുമാണ് നടത്തിയത്.

ജി.എച്ച്.എസ്. കോഴിപ്പാറ, ജി.ഒ.എച്ച്.എസ്. എടത്തനാട്ടുകര, ജി.വി.എച്ച്.എസ്.എസ്. മലമ്പുഴ എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇവര്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമന്റോയും നല്‍കി ആദരിച്ചു. ഈ സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം, അലനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളെയും ആദരിച്ചു.

പാലക്കാട് പി.എം.ജി.എം.എച്ച്.എസ് സ്‌കൂളില്‍ നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അവാര്‍ഡുകള്‍ നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. വിദ്യ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ഹെഡ്മിസ്ട്രസ് ടി. നിര്‍മല, ബയോളജിസ്റ്റ് പി. ബിനുക്കുട്ടന്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് ആല്‍ജോ സി. ചെറിയാന്‍, ഡി.പി.എച്ച്.എന്‍. ബി.കെ. മിനി എന്നിവര്‍ പങ്കെടുത്തു.