ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അറിയാന്‍ ഐ.എസ്.ആര്‍.ഒ, വി.എസ്.എസ്.സി, കെ.എഫ്.ആര്‍.ഐ തുടങ്ങിയ100 ശാസ്ത്ര സ്റ്റാളുകള്‍. അതില്‍ സ്വകാര്യ സ്റ്റാളുകളും സ്റ്റാര്‍ട്ടപ്പുകളുമായി 10 സ്റ്റാളുകള്‍ ഉണ്ട്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് സയന്‍സ് എക്സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ വിക്ഷേപിച്ച മിസൈലുകള്‍, ഉപഗ്രഹങ്ങളും അവയുടെ മാതൃകകളും പ്രവര്‍ത്തനരീതികളും പ്രദര്‍ശനത്തില്‍ കാണാം. ശാസ്ത്ര കോണ്‍ഗ്രസ് സമാപനദിവസമായ 11 വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ശാസ്ത്രലോകത്തെ തൊട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍

36ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് കാണാന്‍ ആദ്യ ദിനം തന്നെ കാസര്‍കോട് ഗവ.കോളജില്‍ എത്തിയത് നിരവധി വിദ്യാര്‍ത്ഥികളാണ്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ശാസ്ത്രലോകത്തെ നേരിട്ട് കാണാന്‍ എത്തിയവര്‍. ഇന്ത്യയുടെ വികസനത്തിന്റെ ശാസ്ത്രവും സാങ്കേതികവിദ്യയും കണ്ടറിയാനുള്ള അവസരമൊരുക്കി ശാസ്ത്ര സ്റ്റാളിലേക്ക് സ്വാഗതം ചെയ്യുകയാണ് ഐ.എസ്.ആര്‍.ഒയുടെ പ്രദര്‍ശന സ്റ്റാള്‍. വിവിധ റോക്കറ്റ് മോഡലുകള്‍, പുതിയ ടെക്‌നോളജികള്‍ എന്നിവയും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ചുമരുകളില്‍ നിറഞ്ഞ് ശാസ്ത്രം

ഐ.എസ്.ആര്‍.ഒയുടെ പ്രദര്‍ശന സ്റ്റാളുകള്‍ കടന്ന് അകത്ത് കയറിയാല്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ശാസ്ത്ര ചുമര്‍ ചിത്രങ്ങള്‍. പ്രശ്‌സ്ത ശാസ്ത്രജ്ഞരും സാങ്കേതിക വിദ്യയും വികസനത്തിന്റെ നാഴിക കല്ലുകളും അവിടെ കാണാം. ശാസ്ത്രത്തെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തുന്ന വിധത്തിലാണ് പോസ്റ്റ്‌റുകള്‍ പതിപ്പിച്ചിരിക്കുന്നത്. കൂടാതെ കേരള സയന്‍സ് കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ 36-ാം മത് കേരള സയന്‍സ് കോണ്‍ഗ്രസ് വരെയുള്ള യാത്രയും പ്രദര്‍ശനത്തില്‍ കാണാന്‍ സാധിക്കും.

റോഡ് സുരക്ഷയെക്കുറിച്ചറിയാന്‍ നാറ്റ്പാക്കിന്റെ സ്റ്റാളില്‍ എത്തിയാല്‍ മതി

ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാക്കും വിവിധത്തിലാണ് റോഡിന്റെ വിവിധ മോഡലുകള്‍ കെ.എസ്.സി.എസ്.ടി.ഇ. – ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്ക് ) ഒരുക്കിയിരിക്കുന്നത്. ഒരു സാധാരണക്കാരന് റോഡിനെക്കുറിച്ചും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സമഗ്രമായ അറിവ് നല്‍കുകയാണ് നാറ്റ്പാക്ക്. മേല്‍പാലം, അടിപാത, റിംഗ് റോഡ് തുടങ്ങിയവയുടെ മോഡലുകള്‍ സ്റ്റാളില്‍ എത്തിയാല്‍ കാണാം. കൂടാതെ റോഡ് മാര്‍ക്കിംഗ്, റോഡ് ചിഹ്നങ്ങള്‍, എയര്‍ ബാഗ് സംവിധാനം, പൊതു ഗതാഗതം തുടങ്ങിയ എല്ലാവിധ അറിവുകളും സ്റ്റാള്‍ പ്രദാനം ചെയ്യുന്നു.

പഴമയെ പുനര്‍ നിര്‍മ്മിച്ച് ‘പുലരി’

മണ്‍മറഞ്ഞ പഴമയെ വീണ്ടെടുക്കുകയാണ് പുലരി വയല്‍പ്പെരുമ. വടക്കന്‍ കേരളത്തിലെ പരമ്പരാഗത വിത്തുകളുടെയും നാട്ടറിവുകളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും പ്രദര്‍ശന പാഠശാല തീര്‍ക്കുകയാണ് പനയാല്‍ അരവത്തെ പുലരിയെന്ന എന്‍ജിഒ. സ്റ്റാളിനകത്തെക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പഴമയുടെ ഓര്‍മ്മകളിലേക്ക് യാത്ര ചെയ്യാന്‍ ഒരുക്കിയ പാഠശേഖരം. നെല്‍പ്പാടത്തില്‍ പഴമയെ ഓര്‍മ്മിപ്പിച്ച് നിലം ഉഴുതുമറിക്കാന്‍ ഉപയോഗിക്കുന്ന കലപ്പയും, വെള്ളമൊഴിക്കാന്‍ ഉപയോഗിക്കുന്ന പാത്തിയും കാണാം. വിവിധ തരം നാടന്‍ നെല്‍ വിത്തുകള്‍, നെല്‍വയല്‍ ആവാസ വ്യവസ്ഥയില്‍ കാണുന്ന തനത് ചെടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, അളവ് പാത്രങ്ങള്‍, ത്രാസുകള്‍, തൂക്ക കട്ടിയായി ഉപയോഗിക്കുന്ന റാത്തല്‍, കണ്ണാടി ഉറി തുടങ്ങിയവും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൃഷിയെ അറിയാം പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സ്റ്റാളില്‍

ആധുനിക കൃഷി രീതികളെക്കുറിച്ചറിയാന്‍ പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സ്റ്റാളില്‍ സന്ദര്‍ശിക്കാം. പടന്നക്കാട് കാര്‍ഷിക കോളേജ് നിര്‍മ്മിക്കുന്ന നീര, വിവിധ തരം പച്ചക്കറി വിത്തുകള്‍, സൂഷ്മ മൂലമിസ്ത്രം തുടങ്ങിയവയും സാളില്‍ ഒരുക്കിട്ടുണ്ട്. പച്ചക്കറി വിത്തുകള്‍ക്ക് 10 രൂപയാണ് വില. ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വള ചോക്ക്, വിവിധ തരം മാവിനങ്ങള്‍ എന്നിവയും പ്രദര്‍ശന സ്റ്റാളില്‍ ഉണ്ട്. കൂടാതെ അരിയുണ്ട, ശര്‍ക്കര, ശുദ്ധമായ വെളിച്ചെണ്ണ തുടങ്ങിയവയും സ്റ്റാളില്‍ ലഭ്യമാകും.