മാനവികതയിലൂന്നിയ ശാസ്ത്ര സമീപനം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

ശാസ്ത്രരംഗത്തെ കിടമത്സരങ്ങളും കുത്തകവത്ക്കരണവും മാനവികതയ്ക്കു പകരം ലാഭേച്ഛയ്ക്കു മാത്രം ഊന്നല്‍ നല്‍കുന്ന ശാസ്ത്ര ഗവേഷണങ്ങളും ഇതിനു കാരണമാണ്. ഇവ ഇല്ലാതാക്കാന്‍ സാധിക്കണം. പോളിയോ വാക്സിന്‍ കണ്ടുപിടിച്ച ജോണ്‍ ഇ സാല്‍ക്കിനോട്, ആര്‍ക്കാണ് ഇതിന്റെ പേറ്റന്റ് എന്നു ചോദിച്ചപ്പോള്‍ ജനങ്ങള്‍ക്കാണ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. സാല്‍ക്കിനെ പോലുള്ളവരുടെ മാനവികതയില്‍ ഊന്നിയ ശാസ്ത്ര സമീപനത്തിന്റെ ഫലമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് പോളിയോ തുടച്ചുനീക്കാനാന്‍ കഴിഞ്ഞത്. ഈ സമീപനം ശാസ്ത്രരംഗത്ത് പ്രചരിപ്പിക്കാന്‍ കഴിയണം. എന്നാല്‍ മാത്രമേ ശാസ്ത്രത്തെ സുസ്ഥിരവികസനത്തിനായി ഉപയോഗപ്പെടുത്താനാവൂ.

ശാസ്ത്ര പുരോഗതിക്ക് ഏറെ അനിവാര്യമാണ് ഗവേഷണം. ലോകത്തുണ്ടാകുന്ന ഏതു വിജ്ഞാനത്തെയും ഈ കേരളത്തില്‍ നിന്നുകൊണ്ടുതന്നെ സ്വാംശീകരിക്കാന്‍ നമുക്കു കഴിയും. എന്നാല്‍, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റും, പേറ്റന്റും വ്യാപകമാകുന്ന ഇക്കാലത്ത് അത്തരം വിജ്ഞാനങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നേറാനാവില്ല. ആ പ്രതിസന്ധി മറികടക്കാന്‍ തദ്ദേശീയമായ ജ്ഞാനോത്പാദനം കൂടിയേ തീരൂ. അതില്‍ ഓരോരുത്തര്‍ക്കും വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്.

കേരളം ഇവിടെ വേറിട്ടു നില്‍ക്കുന്നു. സംസ്ഥാന ബജറ്റില്‍ 3,500 കോടി രൂപയുടെ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ബജറ്റ് നമ്മള്‍ മുന്നോട്ടുവെക്കുകയുണ്ടായി. വിവിധ മേഖലകള്‍ക്ക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വേണ്ടിവരുന്ന തുക എത്ര, ഓരോ മേഖലയും അതീവപ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഗവേഷണങ്ങള്‍ ഏതെല്ലാം, എന്നിവയൊക്കെ അതില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഗവേഷണ ഫലങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രം പോരാ, അവയിലെ അറിവുകള്‍ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യപ്പെടുക കൂടി വേണം. അതിനുതകുന്ന വിധമാണ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. 10 സര്‍വകലാശാലകളിലായി 200 കോടി രൂപ മുതല്‍മുടക്കില്‍ അവ ഒരുങ്ങുകയാണ്.

ഗവേഷണമേഖലയിലേക്ക് എത്തുമ്പോള്‍ മാത്രമല്ല പ്രതിഭകളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത്. തുടര്‍ച്ചയായി മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അണ്ടര്‍ ഗ്രാജുവേറ്റ് തലംമുതല്‍ ബിരുദാനന്തര പഠനം വരെ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ട് അവരെ ഗവേഷണത്തിലേക്കു നയിക്കുക കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന മറ്റൊരു ഇന്ത്യന്‍ സംസ്ഥാനവുമില്ല.ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൈരളി അവാര്‍ഡുകള്‍ക്കു സമാനമായ മറ്റൊന്ന് മറ്റൊരു സംസ്ഥാനത്തുമില്ല. കൈരളി ലൈഫ്ടൈം അച്ചീവ്മെന്റ് ഗ്ലോബല്‍ പ്രൈസ്, ലൈഫ്ടൈം അച്ചീവ്മെന്റ് നാഷണല്‍ അവാര്‍ഡ്, ഗവേഷണ പുരസ്‌കാരം, ഗവേഷക പുരസ്‌കാരം എന്നിങ്ങനെയുള്ള അവാര്‍ഡുകളും നല്‍കിവരുന്നുണ്ട്. ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മികവിന്റെ 30 കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ ഒരുക്കുകയാണ്. അവയില്‍ പത്തെണ്ണം ഇതിനോടകം തന്നെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

നമ്മുടെ ഗവേഷണ മേഖല നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ‘ബ്രെയിന്‍ ഡ്രെയ്ന്‍’ എന്നത്. മികച്ച പ്രതിഭയുള്ള ഗവേഷകര്‍ വികസിത രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത ഇപ്പോഴും തുടര്‍ന്നുവരികയാണ്. പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങളിലെ ഗവേഷണ സംവിധാനങ്ങള്‍ക്കൊപ്പം ഉടനടി ഉയരാന്‍ നമുക്കാവില്ല. മറ്റു രാജ്യങ്ങളിലുള്ള മലയാളി ഗവേഷക പ്രതിഭകളുടെ അറിവ് നമ്മുടെ നാടിന്റെ ഗവേഷണ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്താന്‍ ഉതകുന്നവിധം ‘ബ്രെയിന്‍ ഗെയ്ന്‍’ സാധ്യമാക്കുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്. അതോടൊപ്പം നൊബേല്‍ ജേതാക്കളെയടക്കം ക്ഷണിച്ചുവരുത്തി നമ്മുടെ ഗവേഷകരുടെ വിജ്ഞാന നവീകരണത്തിന് ഉപകരിക്കുന്ന ‘സ്‌കോളര്‍ ഇന്‍ റസിഡന്‍സ്’ പദ്ധതിയും നടപ്പാക്കിവരികയാണ്.

ലോകനിലവാരത്തിലേക്ക് എത്തിയ ഗവേഷണമേഖലയല്ല നമ്മുടേത്. എന്നാലും ഗവേഷണ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച മലയാളികള്‍ ലോകത്തെമ്പാടുമുണ്ട്. ഏതു വിഷയമെടുത്താലും അതിലെ ഗവേഷകരില്‍ മലയാളികളുണ്ടാകും. ഈ ഗവേഷണ പ്രതിഭകള്‍ക്ക് ‘ഇന്‍ഹൗസ് എക്‌സലന്‍സ്’ എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന കാര്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര മുന്നേറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെ കരുതലോടെ നാം സമീപിക്കേണ്ട ചില വിഷയങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ശാസ്ത്രത്തിന് ഭക്ഷ്യസുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന കാര്യം.

ലോകത്ത് ജനസംഖ്യ വര്‍ദ്ധിക്കുന്ന അതേ അനുപാതത്തില്‍ ഭക്ഷ്യോത്പാദനം വര്‍ദ്ധിക്കുന്നില്ല. അത്യുത്പാദനശേഷിയുള്ള വിത്തുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാതെ വന്‍കിട കമ്പനികള്‍ സ്വന്തമാക്കി വെക്കുന്ന സാഹചര്യം പോലുമുണ്ട്. അതിന്റെയെല്ലാം ഫലമായി ആവശ്യമായ ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയാത്ത ഒരു സ്ഥിതി ലോകത്തുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ നമുക്കു കഴിയണം. ശാസ്ത്രീയ കൃഷിരീതികളോടുള്ള വൈമുഖ്യം ഒഴിവാക്കാനും കാര്‍ഷിക ഭക്ഷ്യോത്പാദന രംഗത്ത് ഉണ്ടാകുന്ന ലാഭക്കൊതിയോടെയുള്ള പ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും ഉതകുന്നവിധത്തിലുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.