ശുചിത്വസംഗമം സംഘടിപ്പിച്ചു

നഗരവത്ക്കരണം യാഥാർത്ഥ്യമായ ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ശുചിത്വ സംഗമം സംഘടിപ്പിച്ചു. ജനുവരിയിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നിലനിർത്തുന്നതിന് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംഗമത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു.

ഹരിത ചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിനു നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ ചടങ്ങുകളും ആശ വർക്കർ മുഖേന രജിസ്റ്റർ ചെയ്യും. മാലിന്യം വലിച്ചെറിയുന്ന ഹോട്ട്സ്പോട്ടുകളിൽ ഉടൻ സിസി ടിവികൾ സ്ഥാപിക്കും. മലിനജലം തോടുകളിൽ ഒഴുക്കുന്നത് തടയാൻ “തോട് സഭയും” ഫ്ലാറ്റുകളിൽ ശുചിത്വം ഉറപ്പാക്കാൻ ഫ്ലാറ്റുകളിലെ താമസക്കാരുടെ പ്രതിനിധികളുടെ സംഗമവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേരും. ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ വാർഡ് തലത്തിൽ നൈറ്റ് ജാഗ്രത സ്ക്വാഡുകൾ രൂപീകരിക്കാനും പഞ്ചായത്ത് ശുചിത്വം സംഗമം തീരുമാനിച്ചു.

സംഗമം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശാരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ പി ബാബുരാജന്റെ അധ്യക്ഷത വഹിച്ചു. ഇന്റേർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ് പുതിയ നിയമ ഭേദഗതികൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി മിനി, വികസന സ്ഥിരം സമിതി അധ്യക്ഷ പി സിന്ധു, അസിസ്റ്റന്റ് സെക്രട്ടറി റാണി എസ്‌ നായർ, വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ ഷിബില, ഹെൽത്ത് ഇൻസ്പെക്ടർ പി ഫസ്ന, ജില്ലാ ശുചിത്വ മിഷൻ ആർ.പി അഷിദ, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ കോഴിക്കോട് ബ്ലോക്ക് കോർഡിനേറ്റർ കെ.രഗീഷ് എന്നിവർ സംസാരിച്ചു. സംഗമത്തിൽ ജന പ്രതിനിധികൾ, കുടുംബശ്രീ സി ഡി എസ്‌ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, വാർഡ് ശുചിത്വ കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു