3256 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും
കോരുത്തോട് ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സർക്കാർ അധികാരത്തിലെത്തുന്നതിനു 17 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ പേർക്ക് മാത്രമേ കുടിവെള്ളം ലഭ്യമായിരുന്നുള്ളൂ. രണ്ടു വർഷം കൊണ്ടു 36 ലക്ഷമാക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ളവർക്ക് രണ്ടുവർഷം കൊണ്ട് ലഭ്യമാക്കും. 98.30 കോടി രൂപ ചിലവിൽ 211 കിലോമീറ്റർ ശൃംഖലയിൽ പഞ്ചായത്തിലെ 3256 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന തീർക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയ്ക്കു പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികളെയും വാട്ടർ അതോറിറ്റി ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
പദ്ധതിയുടെ ഭാഗമായി വെള്ളാനി കവല, ചകിരിമേട്, ഏഴാലുംതടത്തു എന്നിവിടങ്ങളിൽ ഭൂതല ജല സംഭരണി, കൊമ്പുകുത്തിയിൽ രണ്ട് സ്റ്റീൽ ബൂസ്റ്റിങ് ടാങ്കുകൾ, സീയോൻ കുന്നിൽ അഞ്ചു ലക്ഷം ലിറ്റർ പമ്പ് ഹൗസ്, 86കിലോമീറ്റർ പൈപ്പ് ലൈൻ എന്നിവ നിർമിക്കുന്നു. ജലശുദ്ധീകരണ പ്രവർത്തികൾക്കായി ഒൻപതു ദശലക്ഷം പ്രതിദിന ശേഷിയിള്ള ജല ശുദ്ധീകരണശാല അമരാവതിയിലും, ഒൻപതുമീറ്റർ വ്യാസമുള്ള കിണർ മുളംകുന്നിലും, മണിമലയാറിനു കുറുകെ മൂരിക്കയത്ത് ചെക്ക്‌ഡാമും സ്‌ഥാപിക്കുന്നുണ്ട്. 2025 മാർച്ച് മാസത്തോടെ പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
സെന്റ് മേരീസ് യാക്കോബ പള്ളി കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനായി.ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തി. സൗജന്യമായി ഭൂമി വിട്ടു നൽകിയ ഭിവാകരൻ കല്ലേപള്ളിയിൽ, കരിപ്പെൻപ്ലെയ്ക്കൽ ഷൈല കുമാരി എന്നിവരെ ആദരിച്ചു. ഇവർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.