ജില്ലയിലെ 78 വേദികളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും

മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി പൊതുജനങ്ങളെ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന തെരുവുനാടക, ഫ്ലാഷ് മോബ് സംഘത്തിന്റെ പര്യടനം തുടങ്ങി. ജില്ലയിലെ 78 കേന്ദ്രങ്ങളില്‍ സംഘം പരിപാടി അവതരിപ്പിക്കും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ്, ജില്ലാ ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കാമ്പയ്ന്‍ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 78 വേദികളില്‍ മാലിന്യമുക്ത സന്ദേശമുയര്‍ത്തി സംഘം കലാപരിപാടികള്‍ സംഘടിപ്പിക്കും. 3 ഘട്ടങ്ങളിലായി മാര്‍ച്ച് 4 വരെയായിരിക്കും സംഘത്തിന്റെ പര്യടനം. ബോധവത്കരണത്തിന് പുറമേ കുടുംബശ്രീ, ശുചിത്വമിഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും  ജനങ്ങളിലെത്തിക്കും. കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതിന് കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘമായ രംഗശ്രീയാണ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിക്കുന്നത്. സംഘത്തില്‍ 15 മുതിര്‍ന്നവരും ഒരു വിദ്യാര്‍ഥിനിയുമുണ്ട്.

മാലിന്യമുക്ത നവകേരളം എങ്ങനെ സൃഷ്ടിക്കാം, മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് രംഗശ്രീയുടെ കലാസംഘം വേദിയില്‍ ആവിഷ്‌കരിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, കുടുംബശ്രീ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ആശമോള്‍ വി.എം, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അനുമോള്‍ തങ്കച്ചന്‍, തദ്ദേശസ്വയംഭരണ വകുപ്പ് അസി. ജോയിന്റ് ഡയറക്ടര്‍ സെന്‍കുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ ദിനം വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളില്‍ സംഘം കലാപ്രകടനം നടത്തി. മാര്‍ച്ച് നാലിന് കൊക്കയാര്‍ പഞ്ചായത്തിലാണ് സമാപനം.