കുന്നന്താനം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. 2023 ല്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തിയ ആയുര്‍വേദ ഡിസ്പെന്‍സറിക്കായി എംഎല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സൗജന്യ ചികിത്സ, യോഗ പരിശീലനം, ഗര്‍ഭകാല പ്രസവാനന്തര പരിരക്ഷ, ജീവിത ശൈലി രോഗനിയന്ത്രണവും ചികിത്സയും, പാലിയേറ്റീവ് കെയര്‍, ശിശു ക്ഷേമ ആരോഗ്യ സംരക്ഷണം, മെഡിക്കല്‍ ക്യാമ്പുകള്‍, ക്ലാസുകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഡിസ്പന്‍സറിയിലൂടെ ലഭ്യമാകും.

യോഗത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എന്‍ മോഹനന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം  ബാബു കൂടത്തില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം കെ മധുസൂദനന്‍,  ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ജനാര്‍ദ്ദനന്‍, വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണ കുറുപ്പ്,  പത്തനംതിട്ട ഡി എം ഒ ഡോ. പി എസ് ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. അഞ്ജന, ഓട്ടോകാസറ്റ് ചെയര്‍മാന്‍ അലക്സ് കണ്ണമല തുടങ്ങിയവര്‍ പങ്കെടുത്തു.