പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവുകള്‍ ഉള്‍പ്പെടെയുള്ള ബജറ്റ് അവതരിപ്പിച്ചു. 11,56,14,858 രൂപ വരവും 10,74,70,600 രൂപ ചെലവും 81,44,258 രൂപ മിച്ചവും വരുന്ന വാര്‍ഷിക ബജറ്റിന് ഭരണസമിതി യോഗം അംഗീകാരം നല്‍കി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് പി.ആര്‍ സുഷമയാണ് ബജറ്റ് അവതരിപ്പിച്ചത്.

ബജറ്റില്‍ ഭവന നിര്‍മാണത്തിനായി 2,01,47,440 രൂപ, കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 80,00,000 രൂപ, ധനകാര്യ കമ്മിഷന് ഗ്രാന്‍ഡ് ഉപയോഗിച്ച് റോഡുകളുടെ നിര്‍മാണത്തിനും കുടിവെള്ള പദ്ധതികള്‍ക്കുമായി 85,96,000 രൂപ, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 66,02,560 രൂപ, ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി 35,00,000 രൂപ, ക്ഷീര കര്‍ഷകര്‍ക്ക് 21,00,000 രൂപ എന്നിങ്ങനെയാണ് ബജറ്റില്‍ വകയിരുത്തിയത്. പരിപാടിയില്‍ ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.