മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയുടെ ഫണ്ട് വച്ച് പദ്ധതി ടെന്‍ഡര്‍ ചെയ്യുകയും സൈറ്റ് കരാറുകാരന് കൈമാറിയതായും നിര്‍വഹണോദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു.
ജൽജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പൂളക്കുണ്ട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ട്. ഇവ ഫെബ്രുവരി 29നകം പൂര്‍ത്തീകരിക്കുമെന്ന് നിര്‍വഹണോദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. കിഴക്കേത്തറ-അഞ്ചുമുറി എസ്.സി കോളനി റോഡ്, കാഞ്ഞിരംപാറ-മുട്ടിപ്പാലം എസ്.സി കോളനി കുടിവെള്ള പദ്ധതി, പാറക്കുഴിപറമ്പില്‍ എസ്.സി കോളനി റോഡ് കോണ്‍ക്രീറ്റിങ്, പാറക്കുന്നത്ത് എസ്.സി കോളനി റോഡ് കോണ്‍ക്രീറ്റിങ്, കുറുപ്പത്തേതില്‍ ബാലകൃഷ്ണന്‍ സ്മാരക എസ്.സി കോളനി റോഡ് കോണ്‍ക്രീറ്റിങ്, ആന്തൂര്‍ക്കുന്ന് റോഡ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതായും ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. ശ്രീലത യോഗത്തില്‍ അറിയിച്ചു.
മെയ് മാസം ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താമെന്ന് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജീഷ് മണി അറിയിച്ചതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. എ.സി.എഫ്.എസ് അട്ടപ്പാടി കുറുക്കന്‍കുണ്ട് ഫാമിലേക്ക് വൈദ്യുതി കണക്ഷന് അഗളി കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ടെന്‍ഡര്‍ നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരുന്നതായി അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ആനവായ് ഊരില്‍ സാമൂഹ്യ പഠനമുറി നിര്‍മാണം പൂര്‍ത്തികരിച്ചു. വട്ട്‌ലക്കി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയിലെ വിപണന കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും ഇന്റര്‍ലോക്ക് വര്‍ക്ക്, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നീ വര്‍ക്കുകളുടെ ടെന്‍ഡര്‍ ഉറപ്പിച്ചതായി ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി അറിയിച്ചു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത എന്നിവര്‍ പങ്കെടുത്തു.