ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ  രൂപീകരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയ്ക്ക് ഫെബ്രുവരി 15 ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക്  തിരുവനന്തപുരത്ത് വഴുതക്കാട് വിമൻസ് കോളേജിൽ  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. ‘ഓർമ്മത്തോണി’യുടെ ലോഗോ ഫെബ്രുവരി 14നു രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ വച്ച്  മന്ത്രി പ്രകാശനം ചെയ്യും. .

കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’ – ‘ഓർമ്മത്തോണി’. സംസ്ഥാനതല ഉദ്ഘാടനത്തിനു മുന്നോടിയായി വയോമിത്രം ഡോക്ടർമാർ, വയോമിത്രം ജീവനക്കാർ, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെൻഷ്യ സംബന്ധമായ പരിശീലനം നൽകിയിരുന്നു. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ  വകുപ്പ്, ആരോഗ്യസർവ്വകലാശാല, ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പാണ് പരിശീലനങ്ങൾ നൽകിയത്. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം ആശാപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിക്കും.

ഡിമെൻഷ്യയെ ആരോഗ്യപ്രശ്‌നം എന്നതിനുപരി സാമൂഹ്യപ്രശ്‌നമായി കൂടി കണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ ഡിമെൻഷ്യ ബാധിതർക്കും അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ്  ‘ഡിമെൻഷ്യ സൗഹൃദ കേരളം’ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഈ സാമ്പത്തിക വർഷം ‘ഓർമ്മത്തോണി’യുടെ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ആരോഗ്യ സർവകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓർമ്മത്തോണി പദ്ധതി കേരള സാമൂഹ്യ സുരക്ഷാ മിഷൻ  നടപ്പാക്കുന്നത്.