സ്വകാര്യ മേഖലയിൽ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനം
മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ (എൻടിഇപി) ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വകാര്യ മേഖലയിൽ നിന്നും നിക്ഷയ് പോർട്ടൽ മുഖേന ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരെ രജിസ്റ്റർ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം. 2019ൽ സ്വകാര്യ മേഖലയിൽ നിന്നും 4615 ക്ഷയരോഗ ബാധിതരെ നിക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ അത് 6542 ആയി ഉയർന്നു. ഈ നേട്ടമാണ് പുരസ്‌ക്കാരത്തിന് അർഹമാക്കിയത്.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് സ്വകാര്യ മേഖലയെക്കൂടി സജീവമായി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ 330 സ്റ്റെപ്സ് സെന്ററുകൾ (സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ) പ്രവർത്തിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നൽകുന്ന കേന്ദ്രങ്ങളാണ് സ്റ്റെപ്സ് സെന്റർ. ഇവിടെ ചികിത്സക്ക് എത്തുന്ന ക്ഷയരോഗ ബാധിതർക്ക് രോഗ നിർണയവും, ചികിത്സയും, ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിനായി രാജ്യത്തിന് മാതൃകയായി കൊണ്ടുവന്ന സംസ്ഥാന പദ്ധതിയാണിത്.
സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ട് കേരളത്തിലെ ക്ഷയരോഗ ബാധിതർക്ക് പോഷകാഹാര കിറ്റുകൾ നൽകാൻ സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നിലവിൽ എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളിൽ കൊച്ചിൻ ഷിപ്പ്യാഡിന്റെയും, കിംസ് ആശുപത്രിയുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകൾ നൽകിവരുന്നു. മറ്റു ജില്ലകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും, സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകൾ നൽകുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന തലത്തിൽ നടന്നുവരുന്നു.