ഉറുകുന്ന് കോളനി നിവാസികള്‍ക്ക് അവശ്യരേഖകളെല്ലാം ലഭ്യമാക്കുന്ന പ്രവര്‍ത്തനം സാക്ഷാത്കരിച്ചു. എ ബി സി ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതി മുഖേനയാണ് സാധ്യമാക്കിയത്. രേഖകളെല്ലാം ഇനി ഡിജിലോക്കറില്‍ സുരക്ഷിതം. ആധാര്‍-റേഷന്‍ കാര്‍ഡുകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ ഡി, ആരോഗ്യ ഇന്‍ഷുറന്‍സ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുടെ വിതരണമാണ് പട്ടികവര്‍ഗ്ഗവികസന വകുപ്പ് ഉറുകുന്ന് കോളനി നിവാസികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലൂടെ നടത്തിയത്. ജില്ലയിലെ രണ്ടാമത്തെ ക്യാമ്പാണിത്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു.

കോളനി നിവാസികള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21 വീടുകള്‍ ഇതിനോടകം ലഭ്യമാക്കികഴിഞ്ഞു. വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധപദ്ധതികളില്‍ ഉള്‍പ്പെടുത്തി അനവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. സേഫ് ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ഒമ്പത് പേര്‍ക്ക് വീട് പുനരുദ്ധാരണത്തിനും കോര്‍പസ്ഫണ്ട് വിനിയോഗിച്ച് നാലു ശുചിമുറി നിര്‍മാണവും നാലു ശുചിമുറികളുടെ അറ്റകുറ്റ പണികളും നടത്തി. സ്വയംതൊഴില്‍ പദ്ധതിപ്രകാരം തെങ്ങുകയറ്റം, കാട്‌വെട്ട്, പെയിന്റിംഗ്, ഇലക്ട്രിക്ക്, കാര്‍പെന്റര്‍-ടൈല്‍ കിറ്റുകളും നല്‍കിവരുന്നു.
ചടങ്ങില്‍ തെ•ല പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.