മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറും വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍, ലൈബ്രറി കൗണ്‍സില്‍ – ഗാന്ധിയന്‍ സമിതി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് രൂപീകരിച്ചത്. പ്രാദേശികതലത്തില്‍ എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായും സമിതികള്‍ രൂപീകരിക്കും. ജില്ലയിലെ മൂന്നു നിയോജക മണ്ഡലാടിസ്ഥാനത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധിയന്‍ ആശയങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പ്രധാനമായും കുട്ടികളിലും യുവജനങ്ങളിലും ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ ക്വിസ് മത്സരങ്ങളും കോളേജ് തലത്തില്‍ ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കും. ലൈബ്രറി കൗണ്‍സിലിന്റെയും ഗാന്ധിയന്‍ സമാധാന സമിതിയുടെയും നേതൃത്വത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചരണത്തിനായി ക്ലാസുകളും നടത്തും.
ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വത്ത വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കാന്‍ കാലതാമസം വരികയായിരുന്നെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. എ.ഡി.എം. കെ.അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ലൈബ്രറി കൗണ്‍സില്‍, ഗാന്ധിയന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.