ഗോത്രകലാകാരന്‍മാര്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

വാദ്യോപകരണങ്ങളുടെ കുറവുകാരണം ബുദ്ധിമുട്ടിയിരുന്ന ഗോത്ര താളം പട്ടികവര്‍ഗ്ഗ കലാസംഘത്തിന് ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 2017-18 വര്‍ഷത്തെ പ്രത്യേക കേന്ദ്ര ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാദ്യോപകരണങ്ങള്‍ നല്‍കി. ചെണ്ട, തകില്, ഇലത്താളം, കൈത്താളം, ട്രിപ്പിള്‍ തുടങ്ങി 3.25 ലക്ഷം രൂപയുടെ വാദ്യോപകരണങ്ങളാണ് 20 അംഗമടങ്ങുന്ന ഗോത്ര താളം പട്ടികവര്‍ഗ്ഗ കലാസംഘത്തിന് നല്‍കിയത്. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഗോത്ര കലാകാരന്‍മാര്‍ വാദ്യോപകരണങ്ങള്‍ കൊട്ടി നന്ദിയറിയിച്ചു. ജില്ലയിലെ ഔദ്യോഗിക പരിപാടികളില്‍ ഗോത്രകലാകാരന്‍മാര്‍ക്ക് പ്രത്യേക പ്രധാന്യം നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘത്തിന് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയില്‍ നിന്നും പട്ടികവര്‍ഗ്ഗക്കാരെ ഗോത്ര കലകളിലൂടെ വിമുക്തരാക്കുക കൂടിയാണ് ലക്ഷ്യം.
പൂതാടി പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ പട്ടികവര്‍ഗ്ഗ യുവതി – യുവാക്കള്‍ ചേര്‍ന്നു രൂപം നല്‍കി ഇരുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാടന്‍ കലാസംഘമാണ് ഗോത്ര താളം. വിദ്യാര്‍ത്ഥികളും ജോലിക്കാരുമായി 20 പേരാണ് സംഘത്തിലുള്ളത്. വാദ്യോപകരണങ്ങളുടെ കുറവും ഉയര്‍ന്ന വാടകയും സംഘത്തിന് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ആദിവാസി മേഖലയിലെ വാദ്യകലാകാരന്‍മാരെ കണ്ടെത്തി വളര്‍ത്താനും ഊരു പൈതൃകം നിലനിര്‍ത്താനും ചെറിയൊരു വരുമാനമെന്ന നിലയ്ക്കുമാണ് കൂട്ടാഴ്മയുടെ പ്രവര്‍ത്തനം. പൊതുവെ മടിക്കാണിക്കുന്ന ഊരു കലാകാരന്‍മാരെ പൊതുസമൂഹത്തിലെത്തിക്കുക കൂടിയാണ് ഗോത്ര താളം കലാസംഘം. ചെണ്ട എം.എസ്. ശിവദാസിന്റെ കീഴിലും മറ്റു തനതു വദ്യോപകരണങ്ങള്‍ സ്വന്തമായുമാണ് പരിശീലിക്കുന്നത്. വിവിധ ഗോത്ര ആചാരങ്ങളില്‍ അവിഭാജ്യ ഘടകമാണ് വാദ്യോപകരണങ്ങള്‍. മുമ്പ് വനത്തില്‍ നിന്നും മൃഗത്തോലുകളടക്കം ഉപയോഗിച്ച് ആദിവാസി വിഭാഗങ്ങള്‍ തന്നെയാണ് വാദ്യോപകരണങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഇതിനു നിയന്ത്രണം വന്നതോടെ പുറത്തുനിന്നും ഉപകരണങ്ങള്‍ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ആണ് ചെയ്യുന്നത്.
ചടങ്ങില്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി. വാണിദാസ്, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലെപ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൈനി പി. ഉതുപ്പ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ എന്നിവര്‍ പങ്കെടുത്തു.