ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ

മലപ്പുറം  ഫെബ്രുവരി  14 മുതൽ 28 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടി നടത്തും. മഞ്ചേരി നഗരസഭയിലും പള്ളിക്കൽ പഞ്ചായത്തിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം രോഗബാധ സംശയിക്കുന്നതിനെ തുടർന്ന് ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വയറിളക്ക രോഗ നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒ.ആർ.എസ്, സിങ്ക് എന്നിവ വിതരണം ചെയ്യും. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഒ.ആർ.എസ് കോർണർ സ്ഥാപിക്കും.

കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി  മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മൂന്നുപേർ മരണപ്പെട്ടിരുന്നു. മഞ്ഞപ്പിത്ത രോഗബാധ സംശയിക്കുന്ന മറ്റൊരു മരണവും ഉണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം അസുഖം ബാധിക്കുകയും ശാരീരിക നില മോശമായി മരണപ്പെടുകയുമായിരുന്നു.

കൂടാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും ജലജന്യ രോഗങ്ങൾ കൂടി വരുന്നുണ്ട്. വ്രതാനുഷ്ഠാന മാസങ്ങളിലും ഉത്സവങ്ങളിലും ആഘോഷ വേളകളിലും തീർത്ഥാടന സമയങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം. ജില്ലയിൽ ജലദൗർലഭ്യം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം ജലജന്യ രോഗങ്ങൾക്കെതിരെയും ഭക്ഷ്യ വിഷബാധകൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണം.

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുന്ന തരത്തിൽ ശീലങ്ങൾ മാറ്റിയാൽ മാത്രമേ ഇത്തരം പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. കൈകൾ കൃത്യമായി ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിദഗ്ധ ചികിത്സ തേടണം. രോഗബാധ ഉണ്ടായാൽ ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുകയോ സ്വയം ചികിത്സ തേടുകയോ ചെയ്യുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ശുചിത്വ നിലവാരം ഉറപ്പ് വരുത്തണം. പാചക തൊഴിലാളികൾ, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാർ എന്നിവർ ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അടുക്കള, സ്റ്റോർ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.