ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 2024 – 25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കളാണ് ബജറ്റ് അവതരിപ്പിച്ചത്. ഉത്പാദന മേഖലയ്ക്ക് 1,87,94,850 രൂപയും സേവന മേഖലയ്ക്ക് 18,71,98,263 രൂപയും പശ്ചാത്തല മേഖലയ്ക്ക് 8,91,26,000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഭവന പദ്ധതിക്കായി 6,55,90,000 രൂപ, കായിക മേഖലയില്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയത്തിന് 75 ലക്ഷം രൂപ, വിദ്യാഭ്യാസം, കലാ – സാംസ്‌കാരികം, യുവജനക്ഷേമം എന്നിവയ്ക്കായി 2,03,25,000 രൂപ, പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയായ ‘നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്’ എന്ന പദ്ധതിക്ക് 66,30,000 രൂപ, ലൈഫ് ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള പദ്ധതിക്കായി 2,00,00,000 രൂപ എന്നിവയാണ് ബജറ്റിലെ പ്രധാന വകയിരുത്തലുകള്‍.

ബി.ആര്‍.സിക്ക് ആധുനിക സൗകര്യമുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 75,00,000 രൂപയും ബജറ്റിലുണ്ട്. ഭിന്നശേഷി വിഭാഗത്തെയും, ശിശു ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും, ജൈവ വൈവിധ്യത്തിനും അങ്ങനെ സമഗ്ര മേഖലയെയും പരിഗണിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.