• കെയർ എക്കണോമിയിൽ കുടുംബശ്രീയുടെ ക്രിയാത്മക ചുവടുവയ്പ്പ്
  • വയോജന പരിചരണംരോഗീ പരിചരണംഭിന്നശേഷി പരിചരണംപ്രസവ ശുശ്രൂഷ എന്നീ സേവനങ്ങൾ 
  • സേവനങ്ങൾ നൽകാൻ കെ 4 കെയർ എക്‌സിക്യൂട്ടീവുകൾ
  • പദ്ധതിക്കായി തിരഞ്ഞെടുത്തത് ആയിരത്തോളം കുടുംബശ്രീ വനിതകൾ
  • ആദ്യഘട്ടത്തിൽ 350 വനിതകൾക്ക് പരിശീലനവും തുടർന്ന് മൂന്നു മാസം പ്‌ളേസ്‌മെന്റും

ദൈനംദിന ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ കെ 4 കെയർ പദ്ധതിക്ക് ഇന്നു  തുടക്കം. ആദ്യഘട്ടത്തിൽ വയോജന പരിചരണം, രോഗീ പരിചരണം, ഭിന്നശേഷി പരിചരണം, പ്രസവ ശുശ്രൂഷ തുടങ്ങി വിവിധ സേവനങ്ങളും പിന്തുണകളും  ആവശ്യമായ കുടുംബങ്ങളിലേക്ക് ഇവ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തിരഞ്ഞെടുത്ത ആയിരത്തോളം കുടുംബശ്രീ വനിതകൾക്ക് രോഗീ പരിചരണമടക്കമുള്ള മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.

ആദ്യഘട്ടത്തിൽ 500 വനിതകൾക്കാണ് പരിശീലനം നൽകുക.  ഇവർ കെ 4 കെയർ എക്‌സിക്യൂട്ടീവുകൾ എന്ന പേരിൽ ഏപ്രിൽ പതിനഞ്ചിനകം പ്രവർത്തനസജ്ജമാകും.  പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫെബ്രുവരി 16നു തിരുവല്ല തിരുമൂലപുരം എം.ഡി.എം ജൂബിലി ഹാളിൽ രാവിലെ 11.30ന് നിർവഹിക്കും. അഡ്വ.മാത്യു.ടി.തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും.

കേരളത്തിലെ ഗ്രാമ നഗര മേഖലകളിൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിലും മികച്ച ഗാർഹിക പരിചരണം നൽകാൻ കഴിയുന്ന സംവിധാനങ്ങൾ ലഭ്യമാകാതെ പോകുന്ന അവസ്ഥയുണ്ട്. വീട്ടിൽ കിടപ്പു രോഗികളും ഭിന്നശേഷിക്കാരും ഉളളതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത അനേകം സ്ത്രീകളുമുണ്ട്.  പ്രൊഫഷണൽ പരിശീലനം നേടിയ കെ 4 കെയർ എക്‌സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാകുന്നതോടെ സ്ത്രീകൾക്ക് പുറത്ത് ജോലിക്ക് പോകാൻ കഴിയും. കൂടാതെ  വയോധികർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരിചരണത്തിനും കൂട്ടിരിക്കാനും കെ 4 കെയർ എക്‌സിക്യൂട്ടീവുകളുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. ഇപ്രകാരം നിത്യജീവിതത്തിലുണ്ടാകുന്ന വിവിധ ആവശ്യങ്ങൾക്ക് മറ്റുളളവരെ ആശ്രയിക്കേണ്ടി വരുന്നവർക്ക് പദ്ധതി തുണയാകും. കൂടാതെ നിരവധി വനിതകൾക്ക് തൊഴിലവസരവും സൃഷ്ടിക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പദ്ധതി കൂടുതൽ വിപുലീകരിക്കും. 

തിരുവനന്തപുരം എച്ച്.എൽ.എഫ് പി.പി.റ്റി, പാലക്കാട് ആസ്പിറൻറ് ലേണിങ്ങ് അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനം. എല്ലാ ജില്ലകളിലും പരിശീലനം സംഘടിപ്പിക്കുന്നുണ്ട്.  പതിനഞ്ച് ദിവസത്തെ പരിശീലനം പൂർത്തിയാക്കുന്ന  ആദ്യ ബാച്ചിന് മൂന്നു മാസം ജോലി ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി എക്‌സിക്യൂട്ടീവുകളുടെ സേവനം ആവശ്യമുള്ളവർക്ക് വിളിക്കാനുള്ള കോൾ സെൻറർ സംവിധാനവും ഉടൻ സജ്ജമാകും.

പരിപാടിയോടനുബന്ധിച്ച് രാവിലെ പത്തിനു കെയർ എക്കണോമി എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുൻ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, മുൻ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് എന്നിവർ പങ്കെടുക്കും. സംസ്ഥാന പ്‌ളാനിങ്ങ് ബോർഡ് അംഗം ഡോ.ജിജു.പി.അലക്‌സ് മോഡറേറ്ററാകും. ആൻറോ ആൻറണി എം.പി കെ ഫോർ കെയർ വീഡിയോ ലോഞ്ചിങ്ങ് നിർവഹിക്കും.

ഇതോടൊപ്പം ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രീ കർഷക സംഘങ്ങൾ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന കാശ്മീരി മുളക്  പ്രൊഡ്യൂസർ ഗ്രൂപ്പു വഴി ശേഖരിച്ച് പൊടിച്ചു മുളകുപൊടിയാക്കി വിപണിയിൽ എത്തിക്കുന്ന ‘റെഡ് ചില്ലീസ്’ പദ്ധതിയുടെ ലോഞ്ചിങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. ജില്ലാ കലക്ടർ സമ്പൂർണ ഷിബു.എ ഐ.എ.എസ് ‘രചന’ പുസ്തക പ്രകാശനം നിർവഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സ്വാഗതവും ജില്ലാ മിഷൻ കോർഡിനേറ്റർ ആദില എസ് നന്ദിയും പറയും.