വിഴിഞ്ഞത്തെ സീഫുഡ് റസ്റ്ററന്റ് മാതൃകയില്‍ കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സ്യഫെഡിനു കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂരില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സീഫുഡ് റസ്റ്ററന്റ് ശൃംഖല വിജയമാക്കാന്‍ ട്രെയിനിംഗ് സെന്ററുകളടക്കം സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യവകുപ്പിന് കീഴില്‍ തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മത്സ്യബന്ധന ഇതര മേഖലില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് ആശയമെന്നും മന്ത്രി വ്യക്തിമാക്കി.

കൊല്ലത്ത് വലനിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ ഈ ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ഫാക്ടറികള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് അടക്കമുള്ള ആഭ്യന്തര, വിദേശ മാര്‍ക്കറ്റിംഗ് സംവിധാനത്തിലേക്ക് കേരളം എത്തിക്കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായി തീരദേശ വികസന കോര്‍പറേഷനു കീഴില്‍ മൂന്ന് കോടി രൂപയുടെ ഡ്രൈ ഫിഷ് എക്‌സ്‌പോര്‍ട്ട് ചെയ്യാനായി. ആദ്യ രണ്ട് നിര്‍മാണ യൂണിറ്റുകള്‍ കൊല്ലത്തും വിഴിഞ്ഞത്തും ഉദ്ഘാടനത്തിനായി ഒരുങ്ങി. വര്‍ഷം ഒരുകോടി രൂപ ലാഭവും നൂറുകണക്കിന് ആളുകള്‍ക്ക് ജോലി നല്‍കാനും കഴിയുമെന്നാണ് പ്രതീക്ഷ. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബറില്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യവകുപ്പിനു കീഴിലുള്ള എല്ലാ സംരംഭങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കും. ഫാം, ഹാച്ചറി, വലനെയ്ത്തുശാല, മത്സ്യ സംസ്്കരണശാലകള്‍, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണശാല തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഏറ്റവും മികച്ച രീതിയില്‍ ആധുനികവത്കരിക്കും. പുതിയ മേഖലകളിലേക്ക് കടന്നുചെന്ന് നിരവധി മത്സ്യതൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒട്ടേറെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്ന വലിയ പ്രസ്ഥാനമായി മത്സ്യഫെഡിനെ മാറ്റിയെടുക്കാനായി.

സഹകരണ മേഖലയാണ് മത്സ്യഫെഡ് പ്രധാനമായി ശദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമാണ് അപകടങ്ങളില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ അനാഥരാകരുത് എന്ന സര്‍ക്കാര്‍ തീരുമാനം. ഇന്‍ഷൂറന്‍സ് ഇനത്തില്‍ 15 കോടിയോളം രൂപ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ നല്‍കാനായെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. മത്സ്യത്തൊഴിലാളി അപകടമരണ ഇന്‍ഷുറന്‍സ് തുക എ.എം. ആരിഫ് എം.പി. വിതരണം ചെയ്തു. മൈക്രോ ഫൈനാന്‍സ് വായ്പ വിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, ജില്ല പഞ്ചായത്തംഗം ഗീത ബാബു, പുന്നപ്ര വടക്ക് പഞ്ചായത്തംഗം ഏലിയാസ്, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ പി. സഹദേവന്‍, ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുല്‍ നാസര്‍, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എസ്. ബാബു, ടി.എസ്. രാജേഷ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം സി. ഷാംജി, തീരദേശ വികസന കോര്‍പ്പറേഷന്‍ ഭരണസമിതി അംഗം പി.എ. ഹാരിസ്, ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം, പുന്നപ്ര പറവൂര്‍ എഫ്.ഡി.ഡബ്ല്യു.സി.എസ്. പ്രസിഡന്റ് ടി.എസ്. ജോസഫ്, ജനറല്‍ മാനേജര്‍ എം.എസ്. ഇര്‍ഷാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഓമനക്കുട്ടന്‍, ഇ.കെ. ജയന്‍, മറ്റു ജനപ്രതിനിധികള്‍, ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.