ജില്ലയില്‍ 2022- 23 വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാലക്കുഴ, മണീട് ഗ്രാമപഞ്ചായത്തുകള്‍. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാര്‍ഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ദാരിദ്രനിര്‍മാര്‍ജനം, ആരോഗ്യ ശുചിത്വ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പാലക്കുഴ പഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ശുചിത്വ മേഖലയില്‍ യൂസര്‍ ഫീ ശേഖരണത്തില്‍ ജില്ലയില്‍ ഒന്നാമതാണ് പഞ്ചായത്ത്. 100 ശതമാനം പദ്ധതിവിഹിതം ചെലവഴിക്കല്‍, നികുതി പിരിവ് എന്നിവ നടപ്പിലാക്കുന്നതിലും പഞ്ചായത്ത് മുന്നിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിലുള്ള സ്വരാജ് ട്രോഫി അവാര്‍ഡ് പാലക്കുഴ പഞ്ചായത്തിനായിരുന്നു.

കാര്‍ഷിക, ആരോഗ്യ, ശുചിത്വ മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മണീട് പഞ്ചായത്തിന് അവാര്‍ഡ്. തരിശുരഹിത ഗ്രാമം പദ്ധതിയിലൂടെ 40 ഹെക്ടറോളം സ്ഥലത്തു പുതുതായി കൃഷി ചെയ്യാനായത് നേട്ടമായി. കൂടാതെ ജില്ലയില്‍ പാല്‍ ഉല്‍പാദന രംഗത്തും മണീട് പഞ്ചായത്ത് മുന്നിലാണ്. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ കാലിത്തീറ്റ സബ്സിഡി, കന്നുകുട്ടിപരിപാലനം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയതായി പ്രസിഡന്റ് പോള്‍ വര്‍ഗീസും മുന്‍ പ്രസിഡന്റ് വി.ജെ.ജോസഫും പറഞ്ഞു.

ആരോഗ്യ രംഗത്ത് അലോപ്പതി , ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. 2020 ല്‍ ജില്ലയിലെ ഒന്നാമത്തെ പഞ്ചായത്തിനുള്ള പുരസ്‌കാരവും 2018 ല്‍ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള പുരസ്‌കാരവും മണീടിന് ലഭിച്ചിട്ടുണ്ട്.