പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്റ് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്ന് തിരിച്ചറിയാന്‍ കഴിയുംവിധം കുട്ടികളില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണമെന്ന് മന്ത്രി പറഞ്ഞു. സ്വയം വഴിതെറ്റില്ലെന്നും ചുറ്റുമുള്ള സമൂഹത്തെ വഴിതെറ്റാന്‍ സമ്മതിക്കില്ലെന്നും പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഹരിക്കെതിരെയുള്ള സത്യപ്രതിജ്ഞ ചൊല്ലിയാണ് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ സ്പീക്കറും പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരായും മറ്റു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് അംഗങ്ങളുമായാണ് പാര്‍ലമെന്റ് നടന്നത്. പാര്‍ലമെന്റ്‌റ് സംവിധാനത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക, ലഹരിക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുക, ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലൂടെ സമൂഹത്തിന്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

കുരിയച്ചിറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ആന്‍സി ജേക്കബ്ബ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ അന്‍സാര്‍ കെ എ എസ് സ്വാഗതം പറഞ്ഞു. സെന്റ് പോള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സാന്നിത, മോഡല്‍ ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ പ്രസൂണ്‍ എം. കെ, സതീഷ് ടി വി, സോമു തോമസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലയിലെ യു പി മുതല്‍ ഹയര്‍ സെക്കണ്ടന്‍ഡറി വരെയുള്ള ജില്ലയിലെ 132 സ്‌കൂളുകളില്‍ നിന്നായി 450 ഓളം വിദ്യാര്‍ഥികള്‍, ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.