ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയോ പുരുഷനോ ആയി മാറുകയും നിയമപരമായി വിവാഹിതരാവുകയും ചെയ്ത ദമ്പതികള്‍ക്ക് വിവാഹധനസഹായമായി മുപ്പതിനായിരം രൂപ വീതം പത്തു ദമ്പതികള്‍ക്ക് അനുവദിക്കാന്‍ ഭരണാനുമതി നല്‍കി ഉത്തരവായി.
ധനസഹായം ലഭിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക്  ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കുകയും വിവാഹശേഷം ആറുമാസത്തിനുശേഷവും ഒരു വര്‍ഷത്തിനകവും ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുകയും വേണം. വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചു വരുന്നതുമായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ സാക്ഷ്യപത്രവും  അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹ ധനസഹായം ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും കാരണത്താല്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.