അംഗന്‍ജ്യോതി പദ്ധതി അങ്കണവാടികള്‍ക്ക് സഹായകരം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അംഗന്‍ജ്യോതി പദ്ധതി അങ്കണവാടികള്‍ക്ക് സഹായകരമാകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ‘അംഗന്‍ജ്യോതി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 33,115 അങ്കണവാടികളിലും അംഗന്‍ജ്യോതി പദ്ധതി നടപ്പാക്കാനുള്ള പരിപാടികള്‍ നടത്തും. 2050-ഓടുകൂടി കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അങ്കണവാടികളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി നിലവില്‍ എല്‍.പി.ജി ഗ്യാസുകളാണ് ഉപയോഗിക്കുന്നത്. അതിനുപകരം സൗരോര്‍ജ്ജ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നല്‍കി പൂര്‍ണ സുരക്ഷിതമായ പാചകം ഉറപ്പുവരുത്തുന്നതിനായാണ് വൈദ്യുതി ഇന്‍ഡക്ഷന്‍ അടുപ്പും അനുബന്ധ പാത്രങ്ങളും നല്‍കുന്നത്.

സോളാര്‍ സ്ഥാപിക്കുന്നതിലൂടെ ചെലവ് കഴിഞ്ഞ് അധിക വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. 300 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് സോളാര്‍ സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്‌സിഡി എന്നത് 60 ശതമാനമാക്കി മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അങ്കണവാടികള്‍ക്കുള്ള ഊര്‍ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

അകത്തേത്തറ ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. നവകേരളം കര്‍മ്മപദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി പദ്ധതി വിശദീകരിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സി ജയബാലന്‍, അകത്തേത്തറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹേമലത, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എനര്‍ജി ടെക്‌നോളജിസ്റ്റ് കെ. സന്ദീപ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി പ്രീത, ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍-ഹെല്‍പ്പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.