ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിൽ ‘ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്’ ക്യാമ്പയിൻ നടത്തുന്നതിനായി മേഖലാതല ശിൽപ്പശാല സംഘടിപ്പിച്ചു.നവകേരളം കർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ സ്വാ​ഗതം പറഞ്ഞ ചടങ്ങിൽ കോർഡിനേറ്റർ ഡോ. ടി എൻ സീമ ആമുഖാവതരണം നടത്തി.

മഹാത്മാ​ഗാന്ധി ​ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ, ജലസേചന വകുപ്പിന്റെ സാധ്യതകൾ‍, ജലബജറ്റിന്റെ സാങ്കേതിക ആസൂത്രണം, ജലബജറ്റ്- നീരുറവ് സംയോജിത പദ്ധതികളുടെ അവതരണം, ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് സമീപന രേഖ അവതരണം എന്നീ വിഷയങ്ങളിൽ വിദ​ഗ്ദർ ക്ലാസ് നയിച്ചു. എം.ജി.എൻ.ആർ.ഇ.ജി.എ ഡയറക്ടർ എ നിസാമുദ്ദീൻ, പ്രോ​ഗ്രാം ഓഫീസർ പി ബാലചന്ദ്രൻ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ ആർ പ്രിയേഷ്, സി.ഡബ്‌ള്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി എന്നിവരാണ് വിഷയാവതരണം നടത്തിയത്.

ജലവിഭവ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ സാങ്കേതിക പിന്തുണയോടെയാണ് ആദ്യ ഘട്ടമായി സംസ്ഥാനത്തെ 94 ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റ് തയ്യാറാക്കിയത്.

നീരുറവ് നീർത്തട വികസന പദ്ധതി പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ജലബജറ്റിൽ നിന്നും ജല സുരക്ഷയിലേക്ക് കാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര നീർത്തട വികസന പദ്ധതിയാണ് നീരുറവ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് നീരുറവ് പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നത്.

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡി.പി.സി. ഹാളിൽ നടന്ന മേഖലാതല ശിൽപശാലയിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജലബജറ്റ് തയ്യാറാക്കിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയിലെ സംസ്ഥാന – ജില്ലാ ചുമതലക്കാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടു മേഖലകളിലായണ് ശിൽപ്പശാല സംഘടിപ്പിച്ചത്. തെക്കൻ മേഖല ശിൽപശാല നേരത്തെ തിരുവനന്തപുരത്ത് നടന്നിരുന്നു.