നവകേരള സദസ്സിന്റെ തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ കേരള ലളിതകലാ അക്കാദമി ചിത്രമതില്‍ ഒരുക്കുന്നു. ഫെബ്രുവരി 25ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കലാ സാംസ്‌കാരിക മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത പ്രത്യേക അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും.

നവകേരള നിര്‍മ്മിതിക്കായി സംഘടിപ്പിക്കുന്ന രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ പരിപാടിയുടെ പ്രചരണത്തിനായി ഫെബ്രുവരി 18ന് എല്ലാ ജില്ലകളിലേയും നഗരസിരാകേന്ദ്രങ്ങളിലെ ചുമരുകളില്‍ മുഖാമുഖം പരിപാടിയുടെ ലോഗോ ചിത്രമതിലായി കേരള ലളിതകലാ അക്കാദമി ഒരുക്കും. 75 ഓളം പ്രാദേശിക കലാകാരന്മാര്‍ ചേര്‍ന്നാണ് ചുമരുകളില്‍ വരയ്ക്കുക. മുഖാമുഖം പരിപാടിയുടെ വേദിയായ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം ചുമര്‍ ചിത്രങ്ങള്‍ ഒരുങ്ങുന്നത്. ജില്ലയിലെ ഗ്രാഫിറ്റി ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് പി. ബാലചന്ദ്രന്‍ എം.എല്‍.എ. രാമനിലയത്തിന്റെ മതിലില്‍ ചിത്രം വരച്ച് നിര്‍വഹിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി അധ്യക്ഷനാകും.