കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ(ബി.പി.കെ.പി.) ഭാഗമായി കാര്‍ഷിക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രദര്‍ശന വിപണന മേള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വിഷരഹിത കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് കാര്‍ഷിക വിപണന മേളകളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാരകമായ പല രോഗങ്ങളും പിടിപെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഭക്ഷണ രീതിയാണ്. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കണം. ഒപ്പം നാട്ടിലുണ്ടാക്കുന്ന പച്ചക്കറികള്‍ വാങ്ങാന്‍ താല്പര്യം കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷത വഹിച്ചു. ജില്ല കൃഷി ഓഫീസര്‍ എസ്. അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ വിശ്വംഭരന്‍ ആഞ്ഞിലിക്കാപ്പള്ളിയെ കൃഷിമന്ത്രി ആദരിച്ചു. പല വൃക്ഷത്തൈയുടെ വിതരണം സെന്റ് മൈക്കിള്‍സ് കോളേജ് മാനേജര്‍ റവ. ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പില്‍ നിര്‍വഹിച്ചു.

പരമ്പരാഗത കാര്‍ഷിക സമ്പ്രദായങ്ങള്‍ മുന്‍നിര്‍ത്തി പാരിസ്ഥിതിക കര്‍ഷക പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നത്തിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി(ബി.പി.കെ.പി). പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം നാട്ടറിവുകളുടെ പ്രചരണം, ജൈവ കാര്‍ഷിക മുറകളിലൂന്നിയ മാതൃകാ തോട്ടങ്ങള്‍ എന്നിവ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രത്യേകതകളാണ്. ജൈവവളക്കൂട്ടുകള്‍, ജീവാണു വളങ്ങള്‍ എന്നിവയുടെ കൃഷിയിട നിര്‍മ്മാണത്തിന് വലിയ പ്രാധാന്യമാണ് പദ്ധതി നല്‍കുന്നത്. കൃഷിയിടത്തില്‍ നിന്നു തന്നെയുള്ള വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയുള്ള സുസ്ഥിര ജൈവകാര്‍ഷിക രീതികള്‍ക്ക് പദ്ധതി ഊന്നല്‍ നല്‍കുന്നു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് ചെയര്‍മാന്മാരായ എന്‍. ഡി. ഷിമ്മി, സുധ സുരേഷ്, ബ്ലോക്ക് അംഗം രജനി ദാസപ്പന്‍, ചേര്‍ത്തല നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭാ ജോഷി, മാധുരി സാബു, ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷമാരായ ഒ.പി. അജിത, ജയറാണി ജീവന്‍, ചേര്‍ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവന്‍, കൃഷി ഓഫീസര്‍ എം. ജോസഫ് റെഫിന്‍ ജെഫ്രി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസ്സെടുത്തു. ഉച്ചകഴിഞ്ഞ് കലാ പരിപാടികള്‍ അരങ്ങേറ്റി.