കുട്ടികള്‍ക്കുള്ള കിടക്കകള്‍ വിതരണം ചെയ്തു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്കുള്ള ബേബി ബെഡുകളുടെ വിതരണോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂര്‍, മാടക്കത്തറ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 157 അങ്കണവാടികള്‍ക്കാണ് കുട്ടികള്‍ക്കുള്ള കിടക്കകള്‍ വിതരണം ചെയ്തത്. 2.50 ലക്ഷം രൂപ ചെലവഴിച്ചാണ് കിടക്കകള്‍ വിതരണം ചെയ്തത്. അങ്കണവാടികളില്‍ ഭൗതികമായും സാങ്കേതികമായും കുട്ടികളുടെ സമയം ഗുണകരമായ വിധത്തില്‍ ചെലവഴിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പരിപാടികള്‍ തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിയോജകമണ്ഡലത്തിലെ അങ്കണവാടികളുടെ വികസനത്തിനു വേണ്ടിയുള്ള പ്രോജക്ട് തയ്യാറാക്കിയാല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ അംഗീകാരം നല്‍കി, അടുത്ത അധ്യയന വര്‍ഷത്തില്‍ത്തന്നെ നടപ്പിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി സൗരോര്‍ജ്ജ പാനലുകള്‍ അങ്കണവാടികളില്‍ സ്ഥാപിച്ച് വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കാം. ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികളെ പുരോഗമനപരമായി ചിന്തിക്കാനും മനുഷ്യസ്‌നേഹത്തോടെ പെരുമാറാനും നാളത്തെ നമ്മുടെ സമൂഹത്തിന്റെ നേരവകാശികളും നയിക്കപ്പെടേണ്ടവരായും മാറ്റാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മണ്ണൂത്തി സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ഡിഡിപിഒ എ.പി രേണുക പദ്ധതി വിശദീകരണം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിന ഷാജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, മടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിബി വര്‍ഗീസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ബൈജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.