പകര്‍ച്ചവ്യാധി പ്രതിരോധം; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന: മുഖ്യമന്ത്രി

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഉതകുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ നല്ലൂര്‍നാട് ഗവ ട്രൈബല്‍ ആശുപത്രി, മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗ പ്രതിരോധത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകളുടെ പങ്ക് നിര്‍ണ്ണായകമാണ്. ആരോഗ്യ രംഗത്ത് 42 നഗര ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും അപൂര്‍വ്വ ചികിത്സാ രംഗത്ത് മാതൃകയാകുന്ന കെയര്‍ പദ്ധതി പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കിഫ്ബി, എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 3.5 കോടി ചെലവിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എമാരായ ഒ.ആര്‍ കേളു, അഡ്വ. ടി സിദ്ധീഖ് എന്നിവര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ നാസര്‍, രാജു ഹെജമാടി, രാധാ മണി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ ദേവ്, മേപ്പാടി പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ജോബിഷ് കുര്യന്‍, അജ്മല്‍ സാജിത്ത്, റംല ഹംസ, ജിതിന്‍, സിന്ധു, സുഹാദ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം അര്‍ജുന്‍, എച്ച്.എം.സി അംഗം സുരേഷ് ബാബു, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം ഷാജി, സുലൈമാന്‍, ഡി.പി.എച്ച്.എന്‍ ടിനി ജോണ്‍, എം.സി.എച്ച് ഓഫീസര്‍ നബീസ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം ജോസ് എന്നിവര്‍ സംസാരിച്ചു.

നല്ലൂര്‍നാട് ഗവ ട്രൈബല്‍ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ പി എസ് സുഷമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ പി കല്യാണി, സല്‍മ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സുമിത്ര ബാബു, ആശുപത്രി സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി മിഥുന്‍ ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, എച്ച്.എം.സി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.