വീടുകളുടെ താക്കോൽ മന്ത്രി  മുഹമ്മദ് റിയാസ് ഗുണഭോക്താക്കൾക്ക് കൈമാറി 
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി മുഖേന തൃപ്രങ്ങോട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ കൈമാറ്റം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഭവന രഹിതർ, വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവർ, കാലപ്പഴക്കത്തെ  തുടർന്ന് വാസയോഗ്യമല്ലാതായ വീടുകളിൽ കഴിയുന്ന കുടുംബങ്ങൾ എന്നിവർക്കായി 2023- 24 വർഷത്തെ പദ്ധതിയിൽ ഏഴര കോടി രൂപയാണ് തൃപ്രങ്ങോട് പഞ്ചായത്തിൽ തുക അനുവദിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ 496 വീടുകളുടെ അപേക്ഷയിൽ 350 കുടുംബങ്ങളാണ് കരാർ വെച്ചിട്ടുള്ളത്. ഇതിൽ 100 വീടുകളാണ് പൂർത്തിയാക്കി താക്കോൽ കൈമാറിയത്.
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ദേവകി എന്നിവർ മുഖ്യാതിഥികളായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കുമാരൻ, കെ. ഉഷ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി അബ്ദുൾ ഫുക്കാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.പി റഹീന, വി.പി ഷാജഹാൻ, ടി.വി ലൈല, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എ. ശിവദാസൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. നാരായണൻ, വി.ഇ.ഒ അശ്വതി എന്നിവർ സംസാരിച്ചു.