ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെമിക്കല്‍ എമര്‍ജന്‍സി മോക്ക് ഡ്രില്‍ ഫെബ്രുവരി 29 ന് നടക്കും. കൊച്ചി റിഫൈനറി പരിസരത്ത് ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളിലെ രാസവസ്തുക്കളില്‍ നിന്നുള്ള അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത ലഘൂകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
കെമിക്കല്‍ എമര്‍ജന്‍സി മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. റോഡിന്റെ വശങ്ങളില്‍ രാസവാതകങ്ങളുടെ ചോര്‍ച്ചയുണ്ടായാല്‍ അതേ സ്ഥലത്ത് തന്നെ ദുരന്ത ലഘൂകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ബൂത്ത് സജ്ജമാക്കുന്നതിന് സര്‍ക്കാരിലേക്ക് അറിയിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എച്ച്പിസി, ഐഒസി, എച്ച് ഒ സി തുടങ്ങിയ എല്ലാ എണ്ണക്കമ്പനികളുടെയും പൈപ്പ് ലൈനുകള്‍ ബിപിസിഎല്ലില്‍ കൂടി കടന്നു പോകുന്നതിനാല്‍ എല്ലാ കമ്പനികള്‍ക്കും മോക്ക് ഡ്രില്ലിന്റെ ഭാഗമാകാന്‍ കഴിയുമെന്നതിനാലാണ് ബിപിസിഎല്ലില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. കെമിക്കല്‍ വ്യവസായ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലയില്‍ ലോക്കല്‍ ക്രൈസിസ് യോഗം കൂടി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് യോഗം വിലയിരുത്തി.
മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് ഫെബ്രുവരി 27 ന് ബിപിസഎല്ലില്‍ നടക്കും.
എണ്ണ, പെട്രോളിയം സ്റ്റോറേജ് ഇന്‍സ്റ്റലേഷനുകള്‍, എല്‍പിജി ബോട്ടിലിംഗ് പ്ലാന്റുകള്‍, റിഫൈനറികള്‍, പെട്രോകെമിക്കല്‍ യൂണിറ്റുകള്‍, എല്‍ എന്‍ ജി ഇന്‍സ്റ്റലേഷനുകള്‍, വളം തുടങ്ങി ജില്ലയില്‍ 20 മേജര്‍ ആക്‌സിഡന്റ് ഹസാഡ് യൂണിറ്റുകളാണ് ഉള്ളത്. ഈ വ്യവസായ ശാലകളില്‍ നിന്നും വലിയ അളവിലുള്ള അപകടകരമായ രാസവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിന് സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് വ്യവസായശാലകള്‍ കേന്ദ്രീകരിച്ച് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫാക്റ്ററീസ് ആന്റ് ബോയ്‌ലേഴ്സ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ബിപിസിഎല്‍ എ. കണ്ണയ്യന്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഷാജി കുമാര്‍, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, വിവിധ വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.