സമസ്തമേഖലയിലും പുരോഗതി, കേരളം മുന്നോട്ടുതന്നെ – മുഖ്യമന്ത്രി
ദരിദ്രരില്ലാത്ത സംസ്ഥാനമാകുന്നതിലേക്ക് അടുക്കുന്നതുള്‍പ്പടെ സമസ്തമേഖലകളിലും പുരോഗതി അടയാളപ്പെടുത്തുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപനസമ്മേളന ഉദ്ഘാടനവും മികവ് പുലര്‍ത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവര്‍ഷം നവംബറാണ് സമ്പൂര്‍ണദാരിദ്ര്യനിര്‍മാര്‍ജന പൂര്‍ത്തീകരണത്തിന് ലക്ഷ്യമാക്കിയതെങ്കിലും ഇതിനകം 47 ശതമാനത്തിലെത്തിയ പ്രവര്‍ത്തനം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പാര്‍പിട നിര്‍മാണത്തിലും സമാനമാണ് നേട്ടം. മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ജനപ്രതിനിധികള്‍ പരിശ്രമിച്ച് പ്രാദേശികമായ പ്രവര്‍ത്തനം വിജിയപ്പിക്കുന്നത് വഴി എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തിലേക്ക് എളുപ്പമെത്താനാകും.
മാലിന്യസംസ്‌കരണരംഗത്തും തദ്ദേശസ്ഥാപനതല പ്രവര്‍ത്തനം മുന്നിലാണ്. പൂര്‍ണതകൈവരുത്താനുള്ള പ്രവര്‍ത്തമാണ് ഊര്‍ജിതമാക്കേണ്ടത്. ജലത്തിന്റെ പരിശുദ്ധിയും നിലനിറുത്താനാകണം. നീര്‍ത്തടസംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കണം. എല്ലായിടവും വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം.
വ്യവസായികരംഗത്ത് സംരംഭത്വവികസനം സാധ്യമാക്കുന്ന നിലപാടാണ് വേണ്ടത്, ചില തദ്ദേശ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന കാലതാമസം ഒഴിവാക്കി തൊഴില്‍സാധ്യത വര്‍ധിപ്പിക്കാം.
വിവിധ മേഖലകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടുള്ള സഹായമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. കേരളം വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്നരീതി തുടരുകയുമാണ്. എന്നാല്‍ നേട്ടങ്ങള്‍ മുന്‍നിറുത്തി അര്‍ഹിക്കുന്ന വിഹിതം നിഷേധിക്കാനാണ് ശ്രമം. സംസ്ഥാനത്തിന് ലഭിക്കിനുള്ള ഗ്രാന്റുകള്‍ സൗജന്യമോ ഔദാര്യമോ അല്ല അവകാശമാണ് എന്ന് ഓര്‍ക്കണം. ധനകാര്യകമ്മിഷന്റെ പോലും അധികാരത്തില്‍ കടന്നുകയറുന്ന ഭരണഘടനാവിരുദ്ധതയാണ് ഇപ്പോള്‍ പ്രകടമാകുന്നത്. പുതിയ നിബന്ധനകളിലൂടെ അര്‍ഹതപ്പെട്ടത് നിഷേധിക്കുന്ന സമീപനതന്നെയാണ് തെളിവ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടുന്നില്ല.
ഫെഡറല്‍ സമീപനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയങ്ങളിലും കടന്നുകയറ്റമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കാനാണ് ഫിസ്‌കല്‍ ഫെഡറിലസത്തില്‍ കൈകടത്തുന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍. ഈപശ്ചാത്തലത്തില്‍ നടത്തുന്ന തദ്ദേശദിനാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അതിദരിദ്രര്‍ ഇല്ലാത്ത ആദ്യത്തെഗ്രാമപഞ്ചായത്തായ കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രി സാക്ഷ്യപത്രം കൈമാറി. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതകൈവരിച്ച ആദ്യത്തെമുന്‍സിപ്പാലിറ്റിയായ കൊട്ടാരക്കര നഗരസഭയെയും ആദ്യ ഗ്രാമപഞ്ചായത്തായ പുല്ലമ്പാറയെയും അനുമോദിച്ചു.
2022-23 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാനതലത്തില്‍ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്വന്തമാക്കി. കൊല്ലം ജില്ലാ പഞ്ചായത്താണ് മികച്ച രണ്ടാമത്തേത്.
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരവും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പും കോട്ടയം ജില്ലയിലെ വൈക്കവും കരസ്ഥമാക്കി. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. മറ്റുസ്ഥാനങ്ങള്‍ ആലപ്പുഴ ജില്ലയിലെ മുട്ടാറും കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയും കരസ്ഥമാക്കി. മികച്ച മുനിസിപ്പാലിറ്റിയായി തൃശൂര്‍ ജില്ലയിലെ ഗുരുവായൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലായി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും കണ്ണൂര്‍ ജില്ലയിലെ ആന്തൂരും പുരസ്‌കാരത്തിന് അര്‍ഹരായി.
മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷനുള്ള ആദരവ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങി. മഹാത്മാ അയ്യന്‍കാളി പുരസ്‌കാരം – സംസ്ഥാനതലത്തില്‍ മികച്ച കോര്‍പ്പറേഷനുള്ള ആദരവ് തുടര്‍ച്ചയായി മൂന്നാം തവണയും കൊല്ലം കോര്‍പ്പറേഷന് ലഭിച്ചു. മുന്‍സിപ്പാലിറ്റി തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഒന്നും കോട്ടയം ജില്ലയിലെ വൈക്കം രണ്ടും സ്ഥാനതെത്തി മഹാത്മ അയ്യങ്കാളി പുരസ്‌കാരം നേടി.
ബ്ലോക്ക്പഞ്ചായത്തുകളില്‍ തിരുവനന്തപുരത്തെ കള്ളിക്കാടും പാലക്കാടത്തെ പുത്തൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനതെത്തി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.
ജില്ലാതലത്തില്‍ കൊല്ലം ജില്ലയില്‍ ശാസ്താംകോട്ടയും കുന്നത്തൂരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി സ്വരാജ് പുരസ്‌കാരത്തിന് അര്‍ഹരായി. കൊല്ലം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മയ്യനാട് ഗ്രാമപഞ്ചായത്ത് ജില്ലാതല മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹരായി. ഓച്ചിറ ഗ്രാമപഞ്ചയാത്ത് രണ്ടാം സ്ഥാനം കൈവരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, സുജിത് വിജയന്‍പിള്ള, പി സി വിഷ്ണുനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, സ്‌പെഷ്യല്‍ സെക്രട്ടറി കെ മുഹമ്മദ് വൈ. സഫറുള്ള, അര്‍ബന്‍ ഡയറക്ടര്‍ അലക്‌സ് വര്‍ഗീസ്, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, ചീഫ് ടൗണ്‍ പ്ലാനര്‍ സി പി പ്രമോദ് കുമാര്‍, ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേഷ്, മേയേര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിന്റ്‌സ് ചേമ്പര്‍ ചെയര്‍പേഴ്‌സണ്‍ കെ ജി രാജേശ്വരി, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി പി മുരളി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഉഷ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ്‌മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.