ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം
സാങ്കേതികവിദ്യാഭ്യാസത്തിനുപ്രാതിനിധ്യമുള്ള നാലാംവ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങളെ കയ്യെത്തിപിടിക്കാന്‍ യുവതലമുറയെ സജ്ജരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുവേണ്ടിയാണ് നൂതനസാങ്കേതികമേഖലകളില്‍ നൈപുണ്യംനേടുവാനും പുതുതൊഴില്‍സാദ്ധ്യതകള്‍ തുറക്കുന്നതിനുമായി ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവ വിഭാവനം ചെയ്യുന്നത് എന്നും കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി ക്യാമ്പസ്സില്‍ സംസ്ഥാനത്തെ ആദ്യത്തെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെയും സോഹോ കോര്‍പറേഷന്റെ ആര്‍ ആന്‍ഡ് ഡി ലാബുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കവെ വ്യക്തമാക്കി.
വ്യാവസായികവളര്‍ച്ചയുടെ ചരിത്രം നഗരകേന്ദ്രികൃതമാണ്. എന്നാല്‍ പ്രാദേശിക പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരികയും അവരുടെ നൂതനആശയങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുകയും ആണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഐ എച് ആര്‍ ഡി -ലീപ് (ലോഞ്ച്,എംപവര്‍,ആക്‌സിലറേറ്റ്,പ്രോസ്‌പെര്‍) സ്റ്റാര്‍ട്ടപ്പ് മിഷന്‍-സോഹോ കോര്‍പറേഷഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അതിനു സഹായകരമാകുന്നവയാണ്.
പ്രാദേശിക വികസനത്തിന് ഉതകുന്ന പദ്ധതികള്‍ രൂപീകരിക്കുക എന്നതാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. 3500 ചതുരശ്ര അടിയില്‍ കൊട്ടാരക്കരയില്‍ ആരംഭിച്ച പാര്‍ക്കില്‍ അഞ്ചു വര്‍ഷം കൊണ്ട് 5000 പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. നിര്‍മിത ബുദ്ധി, റോബോട്ടിക്സ് മേഖലകളിലാണ് ഈ ക്യാമ്പസ്സില്‍ പരിശീലനംനല്‍കുക.
എം എസ് എം ഇ പദ്ധതിക്ക് കേരളം മികച്ച പ്രോത്സാഹനം ആണ് നല്‍കി വരുന്നത്. 15000 കോടി നിഷേപം സാധ്യമായി. അടുത്ത വര്‍ഷം 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക്കൂടി അനുമതിനല്‍കുവാന്‍ സാധിക്കും. ഇതിനു തുടര്‍ച്ചയായി മിഷന്‍ 1000 പ്രകാരം 1000 എം എസ് എം ഇ കളെ ഒരു ലക്ഷം കോടി വിറ്റുവരവ് ഉള്ളവയാക്കുകയാണ് ഉദ്ദേശം.
2016 ല്‍ 300 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നതില്‍ നിന്ന് ഇന്ന് 5000 ലേക്ക് എത്തിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചു. വെഞ്ച്വര്‍ ക്യാപിറ്റലിസ്‌റ് ഫണ്ടിംഗ് വഴി 5500 കോടി നിക്ഷേപവും 50000 തൊഴില്‍അവസരങ്ങളും സൃഷ്ടിച്ചു. 466 ഇന്നൊവേറ്റീവ് എന്റര്‍പ്രെണര്‍ഷിപ് സെന്ററുകള്‍ ആരംഭിച്ചു. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം കേരളം ഏഷ്യയില്‍ ഒന്നാമത് ആണ്. നൂതന തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ എല്ലാ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജുകളിലും ആരംഭിച്ചു. സാങ്കേതിക മേഖലയിലെ വിപ്ലവങ്ങള്‍ക്ക് യുവാക്കളുടെ പ്രതിഭയെ മാറ്റിയെടുക്കാന്‍ വേണ്ടി ഇത്തരംക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുന്നോട്ട് വന്ന സോഹോ കോര്‍പറേഷനെ അഭിനന്ദിച്ചു.
ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. ഗ്രാമീണമേഖലയില്‍ തൊഴില്‍ ഉറപ്പാക്കുന്നതിന് സഹായകമായ നിലപാടാണ് സോഹോ കോര്‍പറഷന്‍ കൈക്കൊണ്ടത്, കേരളത്തിലെ അനുകൂല സാഹചര്യം വിലയിരുത്തിയാണ് തയ്യാറായതും. വലിയ മുതല്‍മുടക്കില്ലാതെ സാങ്കേതിക മേഖലയിലെ വൈദഗ്ധ്യം വിനിയോഗിച്ച് മുന്നേറ്റം സൃഷ്ടിക്കുയാണ് സംസ്ഥാനത്ത്. തെങ്കാശിയിലെത്തി സോഹോ കോര്‍പറേഷന്റെ പ്രവര്‍ത്തനം വിലയിരുത്തി ചര്‍ച്ച നടത്തിയതിന്റെ പ്രയോജനാണ് ഇപ്പോള്‍ ലഭ്യമായതെന്നും വ്യക്തമാക്കി.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങള്‍ ഉണ്ടാവുന്ന കാലത്ത് തൊഴിലും വിദ്യാഭാസവും തമ്മിലുള്ള അന്തരംകുറയ്ക്കുകയാണ് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെ ലക്ഷ്യം എന്ന് മുഖ്യപ്രഭാഷകയായ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു .
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി സെക്രട്ടറി രത്തന്‍ യു. കേല്‍കര്‍, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, സോഹോ കോര്‍പറേഷന്‍ സ്ഥാപകരായ ടോണി തോമസ്, ശ്രീധര്‍ വെമ്പു, ഐ എച് ആര്‍ ഡി ഡയറക്ടര്‍ വി എ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമ്പസിന്റെ സവിശേഷതകള്‍
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ഗവേഷണ- വികസനകേന്ദ്രം സ്ഥാപിക്കുന്നത്. ഐടി കമ്പനി സോഹോയുടെ ആര്‍ ആന്‍ ഡി ലാബുകളാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് സോഹോയുടെ ആദ്യസംരംഭം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഐടി ഹാര്‍ഡ്വെയര്‍ ഉള്‍പ്പടെ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇടമാകും. ഗ്രാമീണമേഖലയിലെ ഐടിഐ, പോളിടെക്നിക് ഡിപ്ലോമ യോഗ്യത നേടുന്നവര്‍ക്കുകൂടി പ്രയോജനകരമാകും.
നവീന സാങ്കേതികവിദ്യയെ വ്യവസായ സംരംഭങ്ങളുമായി ചേര്‍ക്കുന്നതാണ് പ്രത്യേകത. തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം തൊഴില്‍ദാതാക്കളായി പഠിതാക്കളെ പരിവര്‍ത്തനപ്പെടുത്തും. കാമ്പസ് വ്യവസായ പാര്‍ക്ക് ആയിമാറുന്നതിനാണ് സാഹചര്യംതീര്‍ക്കുന്നത്. കോളേജിലെ ലോഞ്ച് എംപവര്‍ ആക്ലിലറേറ്റ് പ്രോസ്പര്‍ (ലീപ്) സെന്ററുകള്‍ കോ-വര്‍ക്കിങ് സ്പേസാക്കി മാറ്റും. ഇതര കാമ്പസുകളിലേക്കും പാര്‍ക്കുകള്‍ വ്യാപിപ്പിക്കും. സോഹോ കോര്‍പറേഷന്‍ തമിഴ്നാട്ടിലും അമേരിക്ക അടക്കം വിദേശ രാജ്യങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടിന്‍പുറത്തെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ മുതലുള്ളവര്‍ക്ക് പരിശീലനത്തിലൂടെ തൊഴില്‍ വൈദഗ്ധ്യം-അവസരങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. പഠനവും തൊഴിലും സമന്വയിപ്പിക്കുകയാണ് ആത്യന്തിരൃകലക്ഷ്യം.