ആരോഗ്യ വകുപ്പിന്റെ അനുമതിയും അറിവുമില്ലാതെ  പ്രസവത്തിനായി മാത്രം ജില്ലയില്‍ അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാര്‍ഹിക പ്രസവവും അനധികൃത കേന്ദ്രങ്ങളില്‍ വെച്ചുള്ള പ്രസവവും ജില്ലയില്‍ നടക്കുന്നുണ്ട്. ഒരു ചികിത്സാ ശാഖയുടെയും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് യോഗത്തില്‍ വെച്ച് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ ഇനിയും സായാഹ്ന ഒ.പി ആരംഭിക്കാത്ത 14 ആരോഗ്യ കേന്ദ്രങ്ങളില്‍ ഉടന്‍ തന്നെ സായാഹ്ന ഒ.പി ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗപ്പെടുത്തി  ഇവിടുങ്ങളില്‍ ജീവനക്കാരെ നിയമിക്കും. ഇതിനായി തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചാവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് അതത് വകുപ്പുകള്‍ ഉറപ്പാക്കണം. ചെറുകിട കുടിവെള്ള പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന സ്രോതസ്സുകളില്‍  ക്ലോറിനേഷന്‍ നടത്തുന്നുണ്ടെന്ന് തദ്ദേശ വകുപ്പ് ഉറപ്പാക്കണം. ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന കുടിവെള്ളവും ശേഖരിക്കപ്പെടുന്ന സ്രോതസ്സുകളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നിശ്ചിത ഇടവേളകളില്‍  പരിശോധിക്കണം.

ജില്ലയില്‍ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) കീഴില്‍ ജില്ലയില്‍ നടക്കുന്ന പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും അവലോകനവും യോഗത്തില്‍ നടന്നു. ജനനി സുരക്ഷാ പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും യോഗത്തില്‍ വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ആര്‍ രേണുക (ആരോഗ്യം), ഡോ. ഹന്ന (ഹോമിയോ), ഡോ.എം.ജി ശ്യാമള (ഭാരതീയ ചികിത്സാ വകുപ്പ്), എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.