വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുംഭ വിത്ത് മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍ കമലഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

മേളയില്‍ കര്‍ഷകരുടെ തനതായ ഉല്‍പ്പന്നങ്ങളുടെയും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെയും വിവിധ സ്റ്റാളുകള്‍, ഐസിഎആര്‍ ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സ് എന്ന സ്ഥാപനവും രജിസ്റ്റേര്‍ഡ് കര്‍ഷകരും ചേര്‍ന്ന് ഒരുക്കിയ സ്റ്റാളുകളും, വിവിധ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകള്‍, കാര്‍ഷിക ക്ലിനിക്കുകള്‍, മണ്ണ് പരിശോധന എന്നിവയും ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി വിവിധ കാര്‍ഷിക സെമിനാറുകളും നടക്കും.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം.എം മുകേഷ്, ലതാ സഹദേവന്‍, റോമി ബേബി, കെ.എസ് തമ്പി, വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.കെ സ്മിത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഡബ്ല്യുഎം) ആര്‍. ഷേര്‍ലി, പടിയൂര്‍ കൃഷി ഓഫീസര്‍ സി.എം റൂബീന, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാരായ പ്രസന്ന അനില്‍കുമാര്‍, സുധാ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.