വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുമെന്ന സന്തോഷത്തിലാണ് നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങളും.. ഏറെ നാളായി സ്വന്തമായി തല ചായ്ക്കാന്‍ വീടില്ലാതെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതം നയിക്കുകയായിരുന്ന ഇവര്‍ക്ക് കൈത്താങ്ങ് ആവുകയാണ് സ്‌നേഹക്കൂട് പദ്ധതിയിലൂടെ. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹക്കൂട്. നടവരമ്പ് അംബേദ്കര്‍ കോളനിയിലെ പരേതനായ നാടന്‍പാട്ട് കലാകാരനായ സുരേന്ദ്രന്റെ കുടുംബത്തിനാണ് സ്‌നേഹക്കൂടിലൂടെ ആശ്വാസ തണല്‍ ഒരുക്കുന്നത്. വീടിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.

നടവരമ്പ് സ്‌കൂളിലെ വി എച്ച് എസ് ഇ, ഹയര്‍സെക്കന്‍ഡറി, എല്‍ പി എന്നീ ക്ലാസുകളിലാണ് മൂന്ന് സഹോദരങ്ങള്‍ പഠിക്കുന്നത്. മൂന്ന് കുട്ടികളെയും ഏറെ കഷ്ടപ്പെട്ടാണ് അമ്മയായ സജിനി നോക്കുന്നത്. ഇരിങ്ങാലക്കുട നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്‌നേഹക്കൂട് ഒരുങ്ങുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, നടവരമ്പ് ജി എം എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ എം കെ പ്രീതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗവരേഷ്, സെന്റ് ജോസഫ് കോളജ് എന്‍എസ്എസ് കോഡിനേറ്റര്‍ ടി വി ബിനു, കൊടുങ്ങല്ലൂര്‍ ക്ലസ്റ്റര്‍ എന്‍എസ്എസ് പി എ സി രേഖ ഇ ആര്‍, പിടിഎ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, നടവരമ്പ് സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ് സുമ തുടങ്ങിയവര്‍ പങ്കെടുത്തു.