സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാടിനെ പ്രഖ്യാപിച്ചു

ശാരീരിക – ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ സ്വയം സഹായകമാകുന്ന ഭിന്നശേഷി കൂട്ടായ്മ രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാടിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരെ ശാക്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ സർക്കാർ വിപണന സ്റ്റാളുകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വരുമാന മാർഗം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഏകോപിക്കുന്നത്. കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് നിരവധി പുനരദ്ധിവാസ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ട് വെയ്ക്കുന്നു.

ഇതിലൂടെ പൊതു ഇടങ്ങളിലും നിത്യജീവിതത്തിലെ എല്ലാ കർമ്മ മേഖലയിലും ഇടപെടാൻ സാധിക്കും വിധത്തിൽ വിദ്യാഭ്യാസവും നൈപുണ്യ വികസന പരിശീലനവും സ്വയം തൊഴിൽ സാധ്യതകളും ഉറപ്പാക്കി ഭിന്നശേഷി മക്കളെ സ്വയം പര്യാപ്തരാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആയിരത്തിൽ പരം സർക്കാർ ജോലികൾ ഭിന്നശേഷിക്കാർക്ക് വേണ്ടി കണ്ടെത്തിയതും മന്ത്രി അറിയിച്ചു.

ഭൗതിക വെല്ലുവിളികൾ നേരിടുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ ) എന്നിവരുടെ മികവാർന്ന ആധുനിക സേവനങ്ങളും കേരളത്തിലുണ്ട്. പുതിയ സാങ്കേതികത്വത്തോടെ ഗ്രഹണശേഷി ഉൾപ്പെടെ വർധിപ്പിക്കും വിധത്തിൽ ആധുനിക പരിശീലനങ്ങളും ലഭ്യമാണ്. സമൂഹത്തെ മനസിലാക്കി പൊരുത്തപ്പെട്ട് ജീവിക്കാനാവും വിധത്തിൽ പ്രാപ്താരാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയിൽ ഭിന്നശേഷി മക്കൾ നേരിടുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരിലൂടെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

അന്തിക്കാട് ബ്ലോക്കിലെ അരിമ്പൂർ, താന്ന്യം, മണലൂർ, അന്തിക്കാട്, ചാഴൂർ എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് സർട്ടിഫിക്കറ്റുകളും മന്ത്രി നൽകി.

നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിലുള്ള ഇന്റലക്ച്ച്വൽ ഡിസബിലിറ്റി, ഓട്ടിസം, സെറിബൽ പാൾസി, മൾട്ടിപ്പൾ ഡിസബിലിറ്റി തുടങ്ങിയ തീവ്ര ഭിന്നശേഷി വെല്ലുവിളികൾ നേരിടുന്ന പതിനെട്ട് വയസ്സിന് മുകളിലുള്ള അന്തിക്കാട് ബ്ലോക്കിലെ 237 പേർക്കാണ് ലീഗൽ ഗാർഡിയൻഷിപ്പ് നൽകിയത്.

അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. സബ് കലക്ടർ മുഹമ്മദ് ഷഫീക്ക് മുഖ്യാതിഥിയായി. അസിസ്റ്റൻ്റ് കലക്ടർ കാർത്തിക് പാണിഗ്രഹി റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശിധരൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സ്മിത അജയകുമാർ, ശുഭ സുരേഷ്, കെ. എസ്. മോഹൻദാസ്, സൈമൺ തെക്കത്ത്, ജീന നന്ദൻ, ടി. ആർ. ഷോബി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എൻ. സുർജിത്ത്, ജിമ്മി ചൂണ്ടൽ, സോഷ്യൽ സെക്യൂരി മിഷൻ പ്രതിനിധി കെ.പി. സജീവ്, പരിവാർ ജില്ലാ പ്രസിഡൻ്റ് എ. സന്തോഷ്, സ്വാശ്രയ സ്പെഷൽ സ്കൂളിലെ ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ ശാന്ത മേനോൻ, പരിവാർ ട്രഷറർ ഭരതൻ കല്ലാറ്റ്, സിഡിപിഒ രഞ്ജിനി എസ്. പിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, ജനപ്രതിനിധികൾ, ഉദ്ദോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.