വയോജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന കുന്നംകുളം നഗരസഭയുടെ കിഴൂരിലെ പകൽ വീട് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. അരികുവത്കരിക്കപ്പെട്ട സമൂഹത്തെ ഏറ്റെടുക്കുന്ന സർക്കാരാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വയോജനങ്ങളെ സംരക്ഷിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാരിൻ്റെയും കടമയാണ്. നഗരസഭയുടെ രണ്ടാമത്തെ പകൽ വീട് അതിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എ സി മൊയ്തീൻ എം എൽ എ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷെബീർ, സ്ഥലം വിട്ടു നൽകിയ ചിറളയത്ത് ശാന്തകുമാരിയമ്മ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കിഴൂരിൽ പകൽ വീട് യാഥാർത്ഥ്യമാക്കിയത്. ചിറളയത്ത് ശാന്തകുമാരിയമ്മ നഗരസഭയ്ക്ക് സൗജന്യമായി നൽകിയ 17 സെൻ്റ് സ്ഥലത്താണ് 1250 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പകൽ വീട് നിർമ്മിച്ചത്. വരാന്ത, ഹാൾ, രണ്ട് റൂമുകൾ, അടുക്കള, റാംപ്, ടോയ്ലറ്റ്, സംരക്ഷണ ഭിത്തി തുടങ്ങി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജീവിത സാഹചര്യത്താൽ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്ക് പകൽ സമയങ്ങളിൽ സംരക്ഷണം നൽകുന്നതോടൊപ്പം അവരുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനും മാനസികമായി പിന്തുന്ന നൽകുകയുമാണ് പകൽവീടിൻ്റെ ഉദ്ദേശ്യം.