സ്റ്റേജുകളിൽ പാട്ട് പരിപാടികൾ അവതരിപ്പിക്കുന്നതു ഭയപ്പെടുത്തും വിധമുള്ള ശബ്ദത്തോടെയാകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. പാട്ടുകാർക്കു മിനിമം വേതനമെന്ന ആവശ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാട്ട് എല്ലാവർക്കും ഇരുന്നു കേൾക്കാൻ പറ്റുന്ന വിധത്തിലാകണം.
ചിലയിടത്തു ചെന്ന് ഇരുന്നാൽ എങ്ങനെയെങ്കിലും രക്ഷപെട്ടു പോയാൽ മതിയെന്നു തോന്നുന്ന അവസ്ഥയുണ്ട്. ഇരിക്കുന്നവരിൽ പലതരം ആളുകളുണ്ടല്ലോ. രോഗികളുണ്ടാകും. ഹൃദ്രോഗമുള്ളവരൊക്കെയുണ്ടാകും. എല്ലാവരും പാട്ട് ആസ്വദിക്കാൻ വേണ്ടിയാണു വരുന്നത്. അവരെ ഭയപ്പെടുത്തുന്നതരം പാട്ടായാലോ? പാടുന്നവർ മിടുക്കരാണ്. പക്ഷേ ഭയപ്പെടുത്താൻ പാടില്ല. വല്ലാതെ ഇടിപ്പുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കാൻ പാടില്ല. അതു പാട്ടുകാർ ആലോചിക്കണം. എല്ലാവർക്കും ഇരുന്ന് ആസ്വദിക്കാൻ പറ്റുന്നതാണു കല. അതിനുവേണ്ടി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.