യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ ആദ്യ ചോദ്യവുമായെത്തിയത് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പക്വതയുള്ള രാഷ്ട്രീയബോധം വെച്ചുപുലർത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാവും എന്നായിരുന്നു ബേസിലിന്റെ ചോദ്യം.

കോളേജിൽ ചേർന്നപ്പോൾ രക്ഷിതാക്കൾ ഉപദേശിച്ചത് ഒരു കാരണവശാലും രാഷ്ട്രീയത്തിൽ ചേരരുത്, ചേർന്നാൽ വഴിപിഴച്ചുപോകും എന്നാണ്. എന്നാൽ രാഷ്ടീയത്തിൽ ചേർന്ന താൻ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്തതെന്നും ബേസിൽ പറഞ്ഞു. ഈ ഒരു സാഹചര്യത്തിൽ യുവാക്കളെ രാഷ്ട്രീയബോധമുള്ളവരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം.

രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിക്കുകയെന്ന് മുഖ്യമന്ത്രി മുറുപടി നൽകി. രാഷ്ട്രീയത്തിലും ജീർണതകൾ ബാധിച്ചവരുണ്ട്, അതിനാലാണ് രാഷ്ട്രീയമാകെ മോശമാണ് എന്ന ചിന്ത ആളുകളിലുണ്ടാവുന്നത്. വിദ്യാർഥി രാഷ്ട്രീയമില്ലാത്ത കലാലയങ്ങളിൽ പല ദൂഷ്യങ്ങളുമുണ്ടാകും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ നല്ല വ്യക്തികളാവാനാണ് എല്ലാവരും ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.