ഇന്റര്‍ഗേറ്റഡ് ചൈല്‍ഡ് ഡെവലെപ്‌മെന്റ് സര്‍വീസ് (ഐ.സി.ഡി.എസ്), കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗവേഷണകേന്ദ്രത്തില്‍ ദേശീയ പോഷകാഹാര വാരാചരണം നടത്തി. അമിത പോഷണം, ന്യൂനപോഷണം, പോഷണത്തിന്റെ പ്രാധാന്യം എന്നിവയെ ആസ്പദമാക്കി ഏകദിന സെമിനാറും പാചകമത്സരവും സംഘടിപ്പിച്ചു.
ഐ.സി.ഡി.എസ്. കല്‍പ്പറ്റ പ്രൊജക്ടിനു കീഴിലുള്ള മുട്ടില്‍, കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെയും കല്‍പ്പറ്റ നഗരസഭയിലെയും 130 അങ്കണവാടികളുടെ പരിധിയിലെ 10 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളാണ് പാചകമത്സരത്തില്‍ പങ്കെടുത്തത്. ചെലവ് കുറഞ്ഞ രീതിയില്‍ പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നതായിരുന്നു മത്സരയിനം. കോട്ടത്തറ സ്വദേശി സച്ചിദേവ് ഒന്നാം സ്ഥാനം നേടി. കല്‍പ്പറ്റ നായര്‍ സര്‍വീസ് സൊസൈറ്റി ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ സച്ചി ദേവ് കോട്ടത്തറ സത്യന്‍ നിവാസില്‍ സത്യപ്രകാശ്-പ്രസീത ദമ്പതികളുടെ മകനാണ്. മുളങ്കൂമ്പ് തോരന്‍, ചെമ്പരത്തി സ്‌ക്വാഷ്, ഫാഷന്‍ ഫ്രൂട്ട് ജാം, ചേന പ്രഥവന്‍, കരിംതാള്‍ കറി, ചക്കവരട്ടി അട തുടങ്ങിയ ഇരുപതോളം നാടന്‍ വിഭവങ്ങള്‍ സച്ചിദേവ് തയ്യാറാക്കി. പാചകമത്സരം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ അധ്യക്ഷത വഹിച്ചു. എം.എന്‍ സുധ, പി. ബാലന്‍, എം.ഒ ദേവസ്യ, ശകുന്തള ഷണ്‍മുഖന്‍, എം സെയ്ത്, ജിന്‍സി സണ്ണി, പി.സി മമ്മൂട്ടി, ജഷീര്‍ പള്ളിവയല്‍, അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.