സംസ്ഥാനന്യൂനപക്ഷ കമ്മിഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ്ങില്‍ നാല് പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം എ സെയ്ഫുദ്ധീന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ പരിഗണിച്ച പരാതികളില്‍ മൂന്നെണ്ണം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് തേടാനുമുള്ളതുകൊണ്ട് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റുകയും ഒരു പരാതി തള്ളുകയും ചെയ്തു.
പീരുമേട് തഹസില്‍ദാറുടെ കീഴിലുള്ള പല വില്ലേജുകളിലും ലത്തീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലവിളംബമുണ്ടാകുന്നു, അന്യായമായ തടസ്സങ്ങള്‍ ഉന്നയിക്കുന്നു എന്ന ഫാദര്‍ സെബാസ്റ്റ്യന്‍ തെക്കേതെച്ചേരിലിന്റെ പരാതിയില്‍ കമ്മിഷന്‍ ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു.
പീരുമേട് തഹസില്‍ദാറുടെ കീഴിലോ ജില്ലയിലെ മറ്റേതെങ്കിലും വില്ലേജുകളിലോ ഇത്തരത്തില്‍ ന്യായമായി ലഭിക്കേണ്ട ഒരു സര്‍ട്ടിഫിക്കറ്റും ലഭിക്കാതെ നിലവില്‍ മുടങ്ങിക്കിടക്കുന്നില്ല, വിവേചനപരമായ നിലപാട് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് ജില്ലാകളക്ടര്‍ നല്‍കിയത്. തുടര്‍ന്ന് പാരാതിക്കടിസ്ഥാനമായ സംഗതി നിലനില്‍ക്കാത്തതുകൊണ്ട് പരാതി തള്ളുകയാണൈന്നും സമാനമായ ഏതെങ്കിലും കേസില്‍ കൃത്യമായ പരാതി വന്നാല്‍ പരിഗണിക്കാമെന്നും കമ്മീഷന്‍ അംഗം പരാതിക്കാരനെ അറിയിച്ചു. സിറ്റിങ്ങില്‍ ജില്ലയില്‍ നിന്നും പുതുതായി പരാതികളൊന്നും ലഭിച്ചില്ല. ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും സംസ്ഥാന ഓഫീസിലേക്ക് പരാതികള്‍ അയക്കാമെന്ന് കമ്മീഷന്‍ അംഗം അറിയിച്ചു.