ക്ഷീര കർഷക സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും : മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ ക്ഷീര മേഖലയെ സമ്പൂർണ്ണ സ്വയം പര്യാപ്തതയിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ക്ഷീര സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന സംസ്ഥാന ക്ഷീര കർഷക സംഗമം ” പടവ് 2024 ” ന്റെ സമാപന സമ്മേളനം ഇടുക്കി അണക്കരയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇത്തരം സംഗമങ്ങൾ കർഷകർക്ക് പകരുന്നത് പുതിയ അറിവുകളും അനുഭവങ്ങളുമാണ് . അത് സൃഷ്ടിക്കുന്ന ഊർജ്ജം കർഷകരെ മുന്നോട്ട് നയിക്കും.

ക്ഷീര കർഷക സംഘങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഈ സർക്കാർ നൽകുന്നത് . ക്ഷീര വികസന വകുപ്പിന്റെ അതി ദരിദ്രർക്കുള്ള പ്രത്യേക പശു വിതരണ പദ്ധതി നിരവധി ദരിദ്ര കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട് . ത്രിതല പഞ്ചായത്തുകൾ ക്ഷീരകർഷകർക്ക് വലിയ പിന്തുണ നൽകുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇൻസെൻ്റീവ് ഉൾപ്പടെയുള്ള പദ്ധതികളിൽ വലിയ തുക വിതരണം ചെയ്തത് രാജ്യത്തിനാകെ മാതൃകയാണ്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അദ്ധ്യക്ഷത വഹിച്ചു.

ക്ഷീരസംഘങ്ങളിൽ 25 വർഷം ഭരണസമിതി അംഗമായി പ്രവർത്തിച്ചവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഇടുക്കി ജില്ലയിൽ ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിച്ച സംഘത്തിനുള്ള അവാർഡ് അറക്കുളം ക്ഷീര സഹകരണ സംഘത്തിന് ലഭിച്ചു .ചടങ്ങിൽ കേരള ഫീഡ്സിന്റെ നേതൃത്വത്തിൽ പശുക്കൾക്കുള്ള സൗജന്യ ഇൻഷുറൻസിലേക്ക് നറുക്കെടുപ്പിലൂടെ വിജയികളായ 250 കർഷകരെ തിരഞ്ഞെടുത്തു. മികച്ച ബി.എം.സി ക്കുള്ള പ്രത്യേക പുരസ്കാരം കോഴിക്കുളം ക്ഷീര സഹകരണ സംഘം ഏറ്റുവാങ്ങി. വിളംബരജാഥയിൽ ഏറ്റവും നല്ല ഫ്ലോട്ടിനുള്ള അവാർഡുകൾ കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ വിതരണം ചെയ്തു.

ഇളംദേശം ബ്ലോക്ക്, വാത്തുക്കുടി ബ്ലോക്ക്, അഴുത ബ്ലോക്ക് എന്നിവർക്കാണ് സമ്മാനങ്ങൾ ലഭിച്ചത് . ക്ഷീരകർഷക ക്ഷേമനിധി നടപ്പാക്കുന്ന ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം മരണപ്പെട്ട കർഷകന്റെ ആശ്രിതർക്ക് ക്ഷീരകർഷക ക്ഷേമനിധി സി.ഇ.ഒ ആർ രാംഗോപാൽ നൽകി. മികച്ച എക്സിബിഷൻ സ്റ്റാളുകൾക്കുള്ള സമ്മാനങ്ങൾ യഥാക്രമം ക്ഷീര വികസന വകുപ്പും കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡും കരസ്ഥമാക്കി . എക്സ്റ്റൻഷൻ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സൌത്ത് സോണിലെ മികച്ച ഫീൽഡ് എക്സ്റ്റൻഷൻ ഓഫീസറുടെ അവാർഡ് കരസ്ഥമാക്കിയ ഇളംദേശം ക്ഷീരവികസന ഓഫീസർ സുധീഷ് എം പി യെ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് ആദരിച്ചു.