കുന്ദമംഗലം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടിയായി. മണ്ഡലം പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പി ടി എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനമായത്.

എന്‍.എച്ച്.എം മുഖേന നടത്തുന്ന പ്രവൃത്തികളുടെ തടസങ്ങള്‍ നീക്കുന്നതിനും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാരുണ്യ മുഖേന മരുന്നുകള്‍ ലഭ്യമാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താനും ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ സ്റ്റാഫിനേയും നിയമിക്കുന്നതിലുള്ള സാങ്കേതിക തടസങ്ങള്‍ നീക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ ഷൈലജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷാജി പുത്തലത്ത്, വാസന്തി വിജയന്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി എ സിദ്ധിഖ്, കോഴിക്കോട് ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ എം സച്ചിന്‍ബാബു, വിവിധ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പ്രവൃത്തി ഏറ്റെടുത്ത അക്രഡിറ്റഡ് ഏജന്‍സി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.