കട്ടപ്പന നഗരസഭയിലെ അമൃത് 2.0 പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമൃത് പദ്ധതിയും ജലജീവന്‍ മിഷന്‍ പദ്ധതിയും നടപ്പിലാക്കുന്നത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ മാത്രം 715 കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി 36 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി യോഗത്തില്‍ അറിയിച്ചു.

കട്ടപ്പന മറ്റപ്പള്ളി പേരപ്പന്‍ സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ നഗരസഭ അധ്യക്ഷ ബീന ടോമി അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയര്‍ പ്രദീപ് വി. കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമൃത് 2.0 പദ്ധതി പ്രകാരം കട്ടപ്പന നഗരസഭയിലെ ശുദ്ധജലവിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 15.39 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.

കട്ടപ്പന അയ്യപ്പന്‍കോവില്‍ പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, ത്വരിത ഗ്രാമീണ പദ്ധതി എന്നിവയില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണികളും പൈപ്പ്‌ലൈനുകളും പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കിഫ്ബി ധനസഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം അമൃത് പദ്ധതി പ്രകാരം ഇപ്പോള്‍ അനുവദിക്കപ്പെട്ട ഭരണാനുമതി തുക ഉപയോഗിച്ച് ആദ്യഘട്ടം എന്ന നിലയില്‍ 24070 മീറ്റര്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ച് 3270 കണക്ഷനുകളാണ് നല്‍കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരുന്ന 40 എല്‍.പി.സി.ഡി നിരക്കില്‍ നിലവില്‍ നടക്കുന്ന ജലവിതരണം 150 എല്‍.പി.സി.ഡി നിരക്കിലേക്കു എത്തിക്കുവാന്‍ സാധിക്കും.

1339 ലക്ഷം രൂപയുടെ പദ്ധതിച്ചെലവും 200 ലക്ഷം പ്രവര്‍ത്തന, പരിപാലനച്ചെലവും കൂടി ചേര്‍ന്ന് 15.39 കോടി രൂപയാണ് ആകെ പദ്ധതി തുക. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി പ്രകാരം നേരത്തെ പണി കഴിപ്പിക്കുകയും ഫണ്ടിന്റെ അപര്യപ്തതമൂലം മുടങ്ങി കിടന്നതുമായ കട്ടപ്പന-അയ്യപ്പന്‍കോവില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനു കിഫ്ബി, ജെ ജെ എം എന്നിവയുടെ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തും വിധമാണ് നഗരസഭയിലെ പ്രവൃത്തികള്‍ ക്രമീകരിച്ചിരിക്കുന്നത്. യോഗത്തില്‍ കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ജെ ബെന്നി, കട്ടപ്പന നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ മനോജ് മുരളി, ലീലാമ്മ ബേബി, സിബി പാറപ്പായില്‍, ഐബി മോള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.