*ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു
ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ പമ്പയിലെ നടപ്പന്തലും ടോയ്ലെറ്റ് കോംപ്ലക്സുകളും മറ്റു സൗകര്യങ്ങളും പൂര്‍ണമായി തകര്‍ന്നുവെങ്കിലും അവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ചു വരികയാണ്. നവംബര്‍ പതിനഞ്ചിനു മുമ്പ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും. നിലയ്ക്കലില്‍ 10,000 തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യങ്ങളോടെ  ബേസ് ക്യാമ്പ് തയ്യാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട്  ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിനായി എല്ലാവരും സഹകരിക്കണം. യാത്രാക്ലേശം പരിഹരിക്കാന്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരികെയും കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപടി തുടരും. ഇരുമുടിക്കെട്ടിലടക്കം യാതൊരുവിധ പ്ലാസ്റ്റിക് വസ്തുക്കളും അനുവദിക്കില്ല. ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തും.
തീര്‍ത്ഥാടകരുടെ ആരോഗ്യപരിപാലനത്തിന് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കുകയും അവിടെ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.
തീര്‍ത്ഥാടകര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിന് ടോള്‍ഫ്രീ നമ്പരും ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമുകളും ആരംഭിക്കും. കണ്‍ട്രോള്‍ റൂമുകളില്‍ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ളവരെ നിയോഗിക്കും. പമ്പയിലും സന്നിധാനത്തും ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കുന്നതിന് അന്നദാന കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കും. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ വില, തൂക്കം, ഗുണനിലവാരം എന്നിവ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തിക്കും. ശുദ്ധജല വിതരണം, ടോയ്ലെറ്റ് സൗകര്യം എന്നിവ കാര്യക്ഷമമാക്കും. തീര്‍ത്ഥാടകര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് യോഗത്തില്‍ സംബന്ധിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധിയായെത്തിയ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഉത്സവം വിജയകരമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാ അര്‍ത്ഥത്തിലും സഹകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേവസ്വം മന്ത്രി പറഞ്ഞു.
തമിഴ്നാട്   അഡീഷണല്‍ ചീഫ് സെക്രട്ടറി അപൂര്‍വ വര്‍മ, കര്‍ണാടക റവന്യൂ സെക്രട്ടറി ഗംഗാറാം ബാബറിയ, തെലങ്കാന വിജിലന്‍സ് ജോയിന്റ് കമ്മീഷണര്‍ എംഎഫ്ഡി കൃഷ്ണവേണി, ആന്ധ്രാപ്രദേശ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ സുബ്ബറാവു, പുതുച്ചേരി ദേവസ്വം കമ്മീഷണര്‍ തിലൈവേല്‍ എന്നിവര്‍ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ശബരിമല അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.എ. നായര്‍, ഡിജിപി ലോക്നാഥ് ബെഹ്റ, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.