പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന മൈക്രോ ക്രെഡിറ്റ് വായ്പകള്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പാണാവള്ളി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസുകള്‍ക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനുമായി ഇത്തരം വായ്പകള്‍ ഉപയോഗിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ യൂണിറ്റുകള്‍ മഹത്തായ സേവനമാണ് നാടിനുവേണ്ടി ചെയ്യുന്നത്. വായ്പ തിരിച്ചടവിലും കൃത്യത പാലിക്കുന്നുണ്ട്. വായ്പയായി ലഭിക്കുന്ന പണം ക്രിയാത്മകമായി വിനിയോഗിച്ച് കുടുംബശ്രീ യുണിറ്റുകള്‍ മികച്ച സംരംഭങ്ങള്‍ ആരംഭിക്കണം. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ തുടങ്ങിയ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പാവപെട്ട ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നുവെന്നും പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അല്‍ക്കൂട്ടങ്ങള്‍ക്കുള്ള വായ്പാ വിതരണം എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി പ്രകാരം ജില്ലയിലെ ചേര്‍ത്തല ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള പാണാവള്ളി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിലെ 19 അയല്‍ക്കൂട്ടങ്ങളിലെ 232 അംഗങ്ങള്‍ക്കുള്ള 1,87,50,000 രൂപയുടെയും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ 20 ആയല്‍കുട്ടങ്ങളിലെ 258 അംഗങ്ങള്‍ക്കായുള്ള 1,87,00,000 രൂപയുടെയും വായ്പകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.

സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് കോര്‍പ്പറേഷന്‍ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി നടപ്പിലാക്കിവരുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീ സി.ഡി.എസുകള്‍ക്കുള്‍പ്പെടെ 795 കോടി രൂപയുടെ വായ്പാ വിതരണം നടത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 800 കോടി രൂപയുടെ വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.രജിത, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രാഗിണി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല, പാണവള്ളി വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോന്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോള്‍ കലേഷ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈ. പ്രസിഡന്റ് ബി. വിനോദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പാണാവള്ളി, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ധനേഷ് കുമാര്‍, വി.എസ്. സുരേഷ്‌കുമാര്‍, ഹരീഷ്മ വിനോദ്, സീന സുര്‍ജിത്ത്, എസ്. രാജിമോള്‍, മിനി ലെനിന്‍, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പി. വി. സജിത, പാണാവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ഹരിദാസ്, സി.ഡി.എസ.് ചെയര്‍പേഴ്‌സണ്‍മാരായ സുധര്‍മ സന്തോഷ്, എന്‍. സി മീര, സി.ഡി.എസ് അംഗങ്ങള്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.