നവകേരള സദസിന്റെ തുടര്‍ച്ചായി മുഖ്യമന്ത്രി നേരിട്ട് ജനസമക്ഷമെത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 29ന് ജില്ലയില്‍ നടത്തുമെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ പരിപാടിയുടെ സംഘാടനം സംബന്ധിച്ച അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററിലെ വേദിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിപാടി. 2000 പ്രതിനിധികളാണ് പങ്കെടുക്കുക.

വിവിധ തൊഴില്‍മേഖലകളില്‍ നിന്നുള്ളവര്‍ അവരവരുടെ തൊഴില്‍പരവും ജീവിതവുമായി ബന്ധപ്പെടുത്തിയുള്ളതുമായ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കുക. 40 പേര്‍ക്ക് നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കും. തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ജേതാക്കളായ തിരഞ്ഞെടുക്കപ്പെട്ടവര്‍ വേദിപങ്കിടും. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ പങ്കെടുക്കും. മുഖാമുഖത്തിന് മുന്നോടിയായി കലാപരിപാടിയുമുണ്ടാകും.

പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ആഹാരത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കും. നാടിന്റെ തൊഴില്‍മേഖലയുടെ പരിച്ഛേദത്തെയാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ സംഘാടനത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. തൊഴില്‍ മന്ത്രി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മുഖ്യസംഘാടക സമിതിയില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് കണ്‍വീനര്‍. ജില്ലാ കലക്ടര്‍ ഉള്‍പ്പടെ വിവിധ ക്ഷേമനിധി ബോര്‍ഡുകളുടേയും അധ്യക്ഷര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും നേതൃപരമായ പങ്കുവഹിക്കും. പരിപാടി വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.

തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകി, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, വിവിധ ബോര്‍ഡുകളുടെ ചെയര്‍മാ•ാര്‍, അംഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.