ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ അഗ്നിബാധ ഒഴിവാക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി.

പൊതുനിര്‍ദ്ദേശങ്ങള്‍ ചുവടെ :
• ഓഫീസുകളില്‍ ഫയലുകള്‍ അലമാരകള്‍ക്കുള്ളില്‍ അടുക്കി വയ്ക്കണം. വേസ്റ്റ് പേപ്പറുകള്‍, കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ തുടങ്ങിയവ ഓഫീസിനുള്ളിലോ വൈദ്യുതി കണക്ഷന്‍ ബോക്‌സുകള്‍ക്ക് സമീപമോ കൂട്ടിയിടരുത്. തീപ്പൊരി ഉണ്ടായാല്‍ ഇവ വലിയ തീപിടുത്തത്തിന് വഴിവച്ചേക്കാം.
• പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തീപിടുത്ത സാധ്യത സംബന്ധിച്ച് പരിശോധന നടത്തണം.
• രാത്രികാല ഡ്യൂട്ടി ആവശ്യമുള്ള ഓഫീസുകളില്‍ മെഴുകുതിരി-വിളക്ക് എന്നിവ കരുതലോടെ ഉപയോഗിക്കണം.
• ഓഫീസിന് ഏറ്റവും അടുത്തുള്ള ഫയര്‍ സ്റ്റേഷന്റെ നമ്പര്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം
• എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇലക്ട്രിക് വയറിങ് സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം  നടപടി സ്വീകരിക്കണം
• എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കമ്പ്യൂട്ടറുകള്‍, ഫാനുകള്‍, ലൈറ്റുകള്‍, യു പി എസ്, റൗട്ടര്‍, എ സി തുടങ്ങിയവ ഓഫീസ് സമയത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്യണം
• സ്വിച്ചുകളും സോക്കറ്റുകളും ചൂടാകുക, കരിഞ്ഞുപോകുക, സ്വിച്ചുകളില്‍ നിന്നും മറ്റും ചെറിയ ഷോക്ക് ഏല്‍ക്കുക തുടങ്ങിയ സൂചനകള്‍ കണ്ടാല്‍ വിദഗ്ധപരിശോധന നടത്തണം.
• ഓഫീസ് വളപ്പില്‍ പേപ്പറുകള്‍, ഉണങ്ങിയ ഇലകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂടിക്കിടക്കാന്‍ ഇടവരാതെ സുരക്ഷിതമായി കത്തിക്കുകയോ നീക്കം ചെയ്യുകയോ വേണം.