വാമനപുരം പഞ്ചായത്തിലെ ആനച്ചൽ 159 നമ്പർ റേഷൻകടയെ കെ-സ്റ്റോറായി ഉയർത്തി. കെ-സ്‌റ്റോറിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മലയോര പ്രദേശമെന്ന നിലയിൽ പ്രത്യേക പരിഗണനയാണ് സർക്കാരും ഭക്ഷ്യപൊതുവിതരണ വകുപ്പും മണ്ഡലത്തിന് നൽകുന്നതെന്ന് എം.എൽ.എ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി വാമനപുരം മണ്ഡലത്തിൽ നിലവിൽ 12 കെ-സ്റ്റോറുകളാണ് തുറന്നത്. അടുത്ത ഘട്ടത്തിൽ ആറ് കെ-സ്‌റ്റോറുകൾ കൂടി മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങും. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ആദ്യ വില്പന നടത്തി. റേഷൻകടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും നിലവിൽ റേഷൻ കാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി, മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും ഘട്ടം ഘട്ടമായി കെ-സ്റ്റോറിൽ ഉൾപ്പെടുത്തും. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ അധ്യക്ഷയായിരുന്നു.