ജില്ലാതല നിക്ഷേപക സംഗമം റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാതല ഏകജാലക ബോര്‍ഡുകള്‍ സ്ഥാപിച്ച് ഏകോപനം നടത്തി വരികയാണ്. സ്വകാര്യ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയുടെ വ്യവസായിക വാണിജ്യ മേഖലയ്ക്ക് കൂടുതല്‍ സാധ്യത ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വ്യവസായ മേഖലയുടെ പുരോഗതിക്ക് സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ജില്ലയില്‍ വ്യവസായ രംഗത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, നൂതന സംരംഭക ആശയങ്ങള്‍ സംവദിക്കുക, നിക്ഷേപക പ്രോത്സാഹന നിയമങ്ങളെക്കുറിച്ച് അറിവ് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. ജില്ല വ്യവസായ രൂപരേഖ പ്രകാശനവും വിവിധ താലൂക്കുകളില്‍ നിന്നും കൂടുതല്‍ നിക്ഷേപം നടത്തിയ കമ്പനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണവും ചെയ്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ അധ്യക്ഷയായി. എം എസ് എം ഇ- ഡി എഫ് ഒ ജി എസ് പ്രകാശ്, ലീഡ് ബാങ്ക് മാനേജര്‍ മോഹനചന്ദ്രന്‍, കെ എസ് എസ് ഐ എ പ്രസിഡന്റ് കെ ഭവദാസന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ സ്മിത, അസിസ്റ്റന്റ് ഇന്റസ്ട്രിയല്‍ ഓഫീസര്‍ പി ആര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.