വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, ആരാധനാലയങ്ങള്‍, സാമൂഹിക -യുവജന സംഘടനകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയുടെ  പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചു എന്ന നിലയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.
നിലവില്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ ഭൂമി പലയിടത്തും വ്യക്തമായ രേകകളുടെ പിന്‍ബലമില്ലാതെയാണ് കൈവശമിരിക്കുന്നത്. ഇത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു തന്നെയും ഭൂരേഖകളുടെയും പൊതുഭൂമിയുടെയും പരിപാലനത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുകയും സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അളവ് ഭൂമി നിയമപരവും വ്യവസ്ഥാപിതവുമായ മാര്‍ഗങ്ങളിലൂടെ ക്രമവത്കരിച്ച് നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും മന്ത്രി അറിയിച്ചു.